കോന്നി : കോന്നി ഹൈന്ദവ സേവാ സമിതിയുടെ അഭിമുഖ്യത്തിൽ നടത്തപ്പെടുന്ന കോന്നി ഹിന്ദുമത സമ്മേളനം ജനുവരി 19,20,21,22 തീയതികളിലായി കോന്നി മഠത്തിൽകാവ് ദുർഗാ ഓഡിറ്റോറിയത്തിൽ നടക്കും. മഠത്തിൽകാവ് ക്ഷേത്രത്തിന് സമീപം ഹൈന്ദവ സേവാസമിതിയുടെ സ്ഥലത്ത് നിർമ്മിക്കുന്ന ഹൈന്ദവ സാംസ്കാരിക നിലയത്തിന്റെ ശിലാസ്ഥാപന കർമ്മത്തോടെയാണ് സമ്മേളനം ആരംഭിക്കുന്നത്.
19ന് രാവിലെ ഗണപതിഹോമം, വാസ്തുപൂജ, എന്നിവയ്ക്ക് ശേഷം 8.30ന് സമിതി രക്ഷാധികാരി വി കെ കരുണാകരകുറുപ്പ് ധ്വജാരോഹണം നിർവ്വഹിക്കും. രാവിലെ ആറ് മുതൽ വൈകിട്ട് നാല് വരെ ശ്രീ മഹാലക്ഷ്മി സദ്സംഗസമിതിയുടെ ശ്രീമദ് നാരായണീയ പാരായണ യജ്ഞം നടക്കും. രാവിലെ പത്ത് മണിക്ക് ഭാഗവതാചാര്യൻ ഉദിത് ചൈതന്യ ശിലാന്യാസം നിർവ്വഹിക്കും. വൈകിട്ട് അഞ്ച് മണിക്ക് നടക്കുന്ന സമ്മേളനം മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ ഉത്ഘാടനം ചെയ്യും. റിട്ട ഡി.ജി.പി ടി.പി സെൻകുമാർ അദ്ധ്യക്ഷത വഹിക്കും. ഏഴ് മുതൽ ഉദിത് ചൈതന്യയുടെ ആത്മീയ പ്രഭാഷണം നടക്കും.
20ന് വൈകിട്ട് നാല് മുതൽ കോന്നി ശ്രീ സത്യസായി സേവസമിതിയുടെ ഭജൻ നടക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനത്തിൽ സമിതി രക്ഷാധികാരി എസ് പി നായർ അദ്ധ്യക്ഷത വഹിക്കും. സംവിധായകൻ അലി അക്ബർ പ്രഭാഷണം നടത്തും. രാത്രി ഏഴ് മുതൽ നാഗർകോവിൽ സന്നിധാനം മഠാധിപതി ശ്രീധരൻ സ്വാമികൾ അനുഗ്രഹ പ്രഭാഷണം നടത്തും.
21ന് വൈകിട്ട് നാലിന് പന്തളം ഉണ്ണികൃഷ്ണന്റെ സോപാന സംഗീത സദസ്. അഞ്ച് മുതൽ സേവാസമിതിയുടെ മഹിളാ വിഭാഗം അദ്ധ്യക്ഷ മിനി ഹരികുമാറിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന കുടുംബസമ്മേളനത്തിൽ പട്ടാമ്പി ഗവ കോളേജ് റിട്ട വൈസ് പ്രിൻസിപ്പൽ പ്രൊഫ വി റ്റി രമ പ്രഭാഷണം നടത്തും. വൈകിട്ട് ഏഴ് മുതൽ ഹിന്ദു ഐക്യ വേദി സംസ്ഥാന അദ്ധ്യക്ഷ കെ പി ശശികല ടീച്ചർ മുഖ്യ പ്രഭാഷണം നടത്തും.
22ന് വൈകിട്ട് നാല് മുതൽ ആറൻമുള വിഷ്ണുവും സംഘവും അവതരിപ്പിക്കുന്ന സംഗീത സദസ്. 5.30ന് കോന്നി ഹൈന്ദവ സേവകേന്ദ്രം ചെയർമാൻ സി എസ് മോഹനന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമാപന യോഗം കെ സുരേന്ദ്രൻ ഉത്ഘാടനം ചെയ്യും. ഏഴ് മുതൽ വത്സൻ തില്ലങ്കേരി മുഖ്യ പ്രഭാഷണം നടത്തും. രാത്രി 9.30 ന് ധ്വജാവരോഹണത്തോടെ ഹിന്ദുമത സമ്മേളനം സമാപിക്കും.