കോന്നി : ഇന്ത്യയിലെ ബ്രിട്ടീഷ് ആധിപത്യത്തിന്റെ ചരിത്രം ഓർമ്മപെടുത്തുന്നതാണ് കോന്നി ബംഗ്ലാവ് കുന്നിൽ തലയുയർത്തി നിൽക്കുന്ന കോന്നി ഫോറെസ്റ്റ് ഇൻസ്‌പെക്ഷൻ ബംഗ്ലാവ്. ഇരുന്നൂറു വർഷത്തിൽ അധികം പഴക്കം വരുന്ന ബംഗ്ലാവ് 3.07 ഹെക്ടർ സ്ഥലത്താണ് വ്യാപിച്ച് കിടക്കുന്നത്. ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ ആയ ടി എഫ് ബോർഡിലിയോൺ ആണ് കോന്നിയിൽ ബംഗ്ലാവ് സ്ഥാപിച്ചത്. കോന്നിയിലെ തേക്ക് തടി വ്യാപാരവുമായി ബന്ധപ്പെട്ട ചരിത്രവും കോന്നിയിലെ വനം വകുപ്പ് ഐ ബി യ്ക്ക് പറയുവാൻ ഉണ്ട്. ആദ്യ കാലത്ത് പന്തളം രാജ വംശത്തിന് ആയിരുന്നു കോന്നിയിലെ തേക്ക് തടികളുടെ കച്ചവട മേൽനോട്ടം. 1796 ൽ പന്തളം രാജ വംശത്തിൽ നിന്നും പണയപ്രകാരം തിരുവിതാംകൂർ രാജാവിന്റെ അധീനതയിൽ ആയി. ആക്കാലത്ത് അച്ചൻകോവിൽ ആറ്റിലൂടെ ചങ്ങാടത്തിൽ ആണ് തേക്ക് തടികൾ കൊണ്ട് വന്നിരുന്നത്. തുടർന്ന് 1720 ൽ ബ്രിട്ടീഷ് മോഡലിൽ വനം വകുപ്പ് പുനസംഘടിപ്പിച്ചതോടെ ആണ് ബ്രിട്ടീഷ് ഉദ്യോഗസ്ഥർ കോന്നിയിലേക്ക് എത്തി തുടങ്ങിയത്. അന്ന് അച്ചൻകോവിൽ ആറിലെ സഞ്ചായത്ത് കടവിൽ ചെക്ക് പോസ്റ്റ് നിർമ്മിച്ച് തടി ഡിപ്പോ തുടങ്ങി.
ഇവിടെ എത്തി തടികൾ വാങ്ങി ആലപ്പുഴ ഉൾപ്പെടെ ഉള്ള സ്ഥലങ്ങളിൽ കൊണ്ടുപോയിരുന്നു. ഇവിടെ എത്തുന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥർക്ക് താമസിക്കുവാൻ ആണ് ബംഗ്ലാവ് നിർമ്മിച്ചത്. ഓരോ ദിവസവും തടി വിറ്റ് കിട്ടുന്ന പണം തിട്ടപ്പെടുത്തി പണപ്പെട്ടിയിലേക്ക് മാറ്റിയിരുന്നു. ആ പണപെട്ടിയും ഇവിടെ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്. അന്ന് ഉപയോഗിച്ചിരുന്ന ചാരുകസേരയും ഇവിടെ ഉണ്ട്. തേക്ക്, ആഞ്ഞിലി, ഈട്ടി തുടങ്ങിയ തടികൾ കൊണ്ടാണ് ബംഗ്ലാവിന്റെ മേൽക്കൂര നിർമ്മിച്ചിരിക്കുന്നത്. വെട്ടുകല്ല് ഉപയോഗിച്ച് നിർമ്മിച്ച ഭിത്തിയിൽ കുമ്മായം തേച്ച് ബലപെടുത്തിയിരിക്കുന്നു. രണ്ട് മുറിയും അടുക്കളയും ഉണ്ട്. ബംഗ്ലാവിന് ചുറ്റും ഉള്ള ഔഷധ സസ്യ ഉദ്യാനവും ബംഗ്ലാവിന്റെ ഭംഗി വർധിപ്പിക്കുന്നു.