പത്തനംതിട്ട : കാനനത്തില്‍ വിളഞ്ഞ നൂറകന്‍, മാന്തല്‍, മടിക്കിഴങ്ങ്, ചെകറ്, കാവ്, കൂവ, കസ്തൂരി മഞ്ഞള്‍, പനം പൊടി എന്നിവയും കാര്‍ഷിക വിളകളും ചേര്‍ത്ത് വെച്ച അടയും മുളയരിയും, കാട്ടു തേനും നിവേദ്യമായി സമര്‍പ്പിച്ച് നൂറ്റാണ്ടുകളായി ദ്രാവിഡ ഗോത്ര ജനത ആചരിച്ചു വരുന്ന വാവൂട്ട് നടത്തി കല്ലേലി കാവില്‍ പിതൃ പരമ്പരകള്‍ക്ക് കര്‍ക്കടക വാവ് ബലി തര്‍പ്പണം സമര്‍പ്പിച്ചു .
ആചാരവും അനുഷ്ടാനവും പഴമയും കൊണ്ട് ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ വിശ്വാസത്തില്‍ ഊന്നിയ കാവ് പ്രമാണങ്ങളെ പ്രകൃതിപൂജകള്‍ക്ക് മുന്നില്‍ സമര്‍പ്പിച്ചു കൊണ്ട് കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ കര്‍ക്കിടക വാവ് ഊട്ടും, വാവ് ബലികര്‍മ്മവും പിതൃ പൂജയും നടന്നു. പേരറിഞ്ഞിട്ടും നാള് അറിയാത്ത ആത്മാക്കളുടെ മോഷ പ്രാപ്തിക്ക് വേണ്ടി ബന്ധുക്കള്‍ എള്ളും പൂവും സമര്‍പിച്ചു കൊണ്ട് പിണ്ട ദര്‍പ്പണം ചെയ്തു. അനേകായിരം വ്രത നിഷ്ടക്കാര്‍ കര്‍ക്കിടക വാവ് ദിനത്തില്‍ കല്ലേലി കാവില്‍ എത്തി വഴിപാടുകള്‍ സമര്‍പ്പിച്ചു . അച്ചന്‍കോവില്‍ നദിയില്‍ സ്നാനം ചെയ്തു കൊണ്ട് വാവ് ബലിയുടെ കര്‍മ്മം പൂര്‍ത്തിയാക്കി.
വെളുപ്പിനെ 4 മണിയ്ക്ക് കളരിയില്‍ വിളക്ക് തെളിയിച്ചു 999 മലകളെ ഉണര്‍ത്തിച്ചു കൊണ്ട് മലയ്ക്ക് കരിക്ക് പടേനി നടത്തി. തുടര്‍ന്ന് ബലി തര്‍പ്പണ തറയില്‍ കാവ് മുഖ്യ ഊരാളി ഭാസ്കരന്‍ ഊരാളി നിലവിളക്കില്‍ ഭദ്രദീപം പകര്‍ന്നു. താംബൂല സമര്‍പ്പണം, ഭൂമി പൂജ, വൃക്ഷ സംരക്ഷണ പൂജ, ജല സംരക്ഷണ പൂജ, സമുദ്ര പൂജ, വന്യ ജീവി സംരക്ഷണ പൂജ, നാഗയൂട്ട്, വാനരയൂട്ട്, മീനൂട്ട്, ആനയൂട്ട് പർണ്ണ ശാല പൂജ, ആദ്യ ഉരു മണിയന്‍ പൂജ എന്നിവയും നടന്നു. കാവ് പ്രസിഡണ്ട് അഡ്വ.സി.വി ശാന്ത കുമാര്‍ സെക്രട്ടറി സലിം കുമാര്‍, പിആര്‍ഒ ജയന്‍ കോന്നി, മാനേജര്‍ സാബു കുറുമ്പകര എന്നിവര്‍ ചടങ്ങുകള്‍ക്ക് മേല്‍ നോട്ടം വഹിച്ചു.
മാനവകുലത്തിലെ മുന്‍ ഗാമികള്‍ക്ക് നിത്യവും വാനര ഊട്ട് നടത്തുന്ന കാവ്
മാനവ കുലത്തിലെ പൂര്‍വ്വികരായ വാനര കുല ജാതര്‍ക്ക് നിത്യവും ഊട്ട് നല്‍കുന്ന അത്യപൂര്‍വ്വ കാവാണ് കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ്. രാവിലെ പ്രഭാത പൂജയോട് അനുബന്ധിച്ച് കാവിലെ പ്രത്യേക ഇരിപ്പിടത്തില്‍ ആണ് വാനരന്മാര്‍ക്ക് ഊട്ടും പൂജയും നല്‍കുന്നത്. കാനന വാസികളായ വാനരന്മാര്‍ അച്ചന്‍ കോവില്‍ നദിയില്‍ സ്നാനം ചെയ്തു മാത്രമേ കാവില്‍ പ്രവേശിക്കൂ എന്നതും നൂറ്റാണ്ടുകളായുള്ള വിശ്വാസം ഇന്നും നില നില്‍ക്കുന്നു.
പ്രഭാത പൂജയ്ക്ക് മുന്നോടിയായി പഴ വര്‍ഗ്ഗങ്ങള്‍ ചോറ് പയര്‍ വര്‍ഗ്ഗങ്ങള്‍ മധുര പലഹാരം എന്നിവ തേക്കിലയില്‍ വെച്ച് വിളക്ക് കാണിച്ച് ആണ് വാനര ഊട്ട് നടത്തുന്നത്. നൂറുകണക്കിന് വാനരന്മാര്‍ കൃത്യ സമയത്ത് തന്നെ കാവില്‍ വന്നു ചേര്‍ന്നു വിഭവങ്ങള്‍ ഒന്നൊന്നായി കഴിച്ചു കാനനത്തിലേക്ക് മടങ്ങും. ഏറെ വര്‍ഷമായി കാവില്‍ വാനര ഊട്ട് നടന്നു വരുന്നു. കാര്‍ഷിക വിളകള്‍ വന്യ ജീവികള്‍ നശിപ്പിക്കാതെ ഇരിക്കാന്‍ കര്‍ഷകര്‍ നിത്യവും കാവില്‍ വാനര ഊട്ട് വഴിപാടായും സമര്‍പ്പിക്കുന്നു. കാര്‍ഷിക വിളകളുടെ സംരക്ഷണത്തിനായി കാവില്‍ നിന്നും ഉള്ള ചുമന്ന പട്ട് “തൂപ്പായി ” കൊണ്ട് പോയി കൃഷിയിടത്തില്‍ കെട്ടിയും വരുന്നു. ആദ്യ വിള കല്ലേലി അപ്പൂപ്പന്റെ നടയില്‍ സമര്‍പ്പിച്ച് വാനര ഊട്ട് നടത്തുന്ന ചടങ്ങും നിത്യവും ഉണ്ട് .