കോന്നി : കൊല്ലൻപടി – അതിരുങ്കൽ റോഡിൽ പള്ളിപ്പടിക്കും തൂക്കുപാലത്തിനുമിടയിൽ രൂപം കൊണ്ട കുഴി അപകട ഭീഷണിയാകുന്നു. ഇന്റർലോക്ക് കട്ടകൾ പാകിയിരിക്കുന്ന ചപ്പാത്ത് ഭാഗത്താണ് കുഴി രൂപപ്പെട്ടിരിക്കുന്നത്. ഇതുവഴി കടന്നുപോകുന്ന ജല വിതരണ പൈപ്പ് പൊട്ടിയതും അമിത ഭാരം കയറ്റിയ ടിപ്പർ ലോറികളുടെ സഞ്ചാരവും റോഡിന് നടുവിൽ കുഴി രൂപപ്പെടുന്നതിന് കാരണമായിട്ടുണ്ട്.
ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ നിരവധി വാഹനങ്ങളാണ് ഇവിടെ അപകടത്തിൽ പെട്ടിട്ടുള്ളത്. ജല വിതരണ പൈപ്പ് കടന്നു പോകുന്ന ഭാഗത്ത് പൈപ്പ് പൊട്ടി കുഴിയായതിന് ശേഷം അമിത ഭാരം കയറ്റിയ ടിപ്പർ ലോറികൾ ഇടതടവില്ലാതെ ഇതുവഴി സഞ്ചരിച്ചതും കൂടുതൽ ഭീഷണിയിലേക്ക് നീങ്ങുന്നതിന് കാരണമായി. മാത്രമല്ല ഇന്റർലോക്ക് കട്ടകൾ രണ്ടു ഭാഗത്തേക്കും ഇളകി മാറിയിരിക്കുകയുമാണ്. ഇവിടെ സൂചന ബോർഡുകളും അധികൃതർ സ്ഥാപിച്ചിട്ടില്ല. റോഡിനിരുവശവും വളർന്നു നിൽക്കുന്ന കാടുകളും അധികൃതർ നീക്കം ചെയ്തിട്ടില്ല. മഴക്കാലത്ത് വാഹനങ്ങളുടെ ടയറുകൾ തെന്നി മാറുന്നതും ഇവിടെ പതിവാണ്. വലിയ അപകടങ്ങൾ ഉണ്ടാകുന്നതിന് മുൻപ് അടിയന്തിര നടപടി സ്വീകരിക്കുവാൻ അധികൃതർ തയ്യാറാകണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.