കോന്നി : കോന്നി കെ.എസ്.ആർ.ടി.സി ഡിപ്പോ ഓഫിസ് കെട്ടിടം കാടുമൂടിയ നിലയിൽ. മഴകൂടി പെയ്തതോടെ ഭിത്തികളിൽ ഈർപ്പം കെട്ടിനിൽക്കുകയുമാണ്. ഇത് കെട്ടിടത്തിന് ബലക്ഷയം സൃഷ്ടിക്കാനും സാധ്യതയുണ്ട്. അഡ്വ. അടൂർ പ്രകാശ് എം.എൽ.എയായിരുന്ന കാലഘട്ടത്തിലാണ് ഡിപ്പോയുടെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. എന്നാൽ കോന്നി നാരായണപുരം ചന്തയോട് ചേർന്നുകിടന്ന ഭൂമി കെ.എസ്.ആർ.ടി.സിയുടെ പേരിൽ രജിസ്റ്റർ ചെയ്യാത്തതിനാൽ നിർമാണ പ്രവർത്തനങ്ങൾ തടസ്സപ്പെട്ടു. പിന്നീട് എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ എത്തിയ ശേഷം ഭൂമി കെ.എസ്.ആർ.ടി.സിയുടെ പേരിൽ രജിസ്റ്റർ ചെയ്യുകയും നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കുകയുമായിരുന്നു.
2.41 ഏക്കർ സ്ഥലത്താണ് നിർമാണം. അടുത്തിടെ നടന്ന യോഗത്തിൽ ഓഫിസ് സീലിങ്, ലൈറ്റ്, യാർഡ് എന്നിവയുടെ നിർമാണം പൂർത്തീകരിക്കാൻ അടിയന്തരമായി ടെൻഡർ ക്ഷണിക്കാൻ പൊതുമരാമത്ത് വകുപ്പിന് കെ.യു. ജനീഷ് കുമാർ എം.എൽ.എ നിർദേശം നൽകിയിരുന്നു. കൂടാതെ ഇലക്ട്രിക് വർക്കുകൾ, ഡിപ്പോയുടെ ചുറ്റും ഫെൻസിങ്, ഫർണിച്ചറുകൾ, കമ്പ്യൂട്ടർ എന്നിവ വാങ്ങാൻ അധികാരികളെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ, നടപടികൾക്ക് വേഗമായിട്ടില്ല. തടസ്സങ്ങൾ നീക്കി കോന്നി കെ.എസ്.ആർ.ടി.സി ഡിപ്പോ എത്രയും വേഗം തുറന്ന് നൽകണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.