പത്തനംതിട്ട : കോന്നി മെഡിക്കല്‍ കോളേജിലെ അനധികൃത നിയമനങ്ങള്‍ക്ക് കൂട്ടുനിന്നാല്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കരന്റെ ഗതിയായിരിക്കും പത്തനംതിട്ട ജില്ലാ കളക്ടര്‍ പി.ബി.നൂഹിനും ഉണ്ടാവുകയെന്ന് അഡ്വ.അടൂര്‍ പ്രകാശ് എം.പി മുന്നറിയിപ്പു നല്‍കി.
കോന്നി മെഡിക്കല്‍ കോളേജിലെ നിയമനങ്ങള്‍ സുതാര്യവും നിയമപരവുമായിരിക്കണം. പിന്‍വാതില്‍ നിയമനം അംഗീകരിക്കില്ലെന്നും മുന്‍ റവന്യു – ആരോഗ്യ വകുപ്പ് മന്ത്രികൂടിയായ അടൂര്‍ പ്രകാശ് പറഞ്ഞു. ഇടതുപക്ഷ സര്‍ക്കാരിനെയും കോന്നി എം.എല്‍.എയെയും വഴിവിട്ട് സഹായിക്കുകയും പ്രീണിപ്പിക്കുകയും ചെയ്യുന്ന നടപടിയില്‍ നിന്നും കളക്ടര്‍ പിന്‍മാറണം. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെയും പാര്‍ട്ടിക്കാരെയും വളഞ്ഞ വഴിയിലൂടെ കോന്നി മെഡിക്കല്‍ കോളേജില്‍ നിയമിക്കുവാനുള്ള ശ്രമം നടക്കുകയാണ്. ജില്ലാ കളക്ടര്‍ എന്ന നിലയില്‍ പി.ബി നൂഹ് ഇത്തരം നടപടികള്‍ക്ക് കൂട്ടുനിന്നാല്‍ ഗുരുതരമായ പ്രത്യാഘാതത്തെ നേരിടേണ്ടിവരുമെന്നും അടൂര്‍ പ്രകാശ് എം.പി പറഞ്ഞു.
കോന്നിയിലേത് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആണ് , ഒരു പാര്‍ട്ടിയുടെയും സ്വകാര്യ സ്വത്തല്ല. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയും താന്‍ ആരോഗ്യ വകുപ്പ് മന്ത്രിയും ആയിരുന്നപ്പോഴുമാണ് ഇതിനു തുടക്കം കുറിച്ചത്. കോന്നി മെഡിക്കല്‍ കോളേജിന്റെ പ്രിന്‍സിപ്പല്‍ ഓഫീസും സൂപ്രണ്ട് ഓഫീസും താന്‍ കോന്നി എം.എല്‍.എ ആയിരിക്കുമ്പോള്‍ ഉദ്ഘാടനം ചെയ്ത് പ്രവര്‍ത്തനം ആരംഭിച്ചതാണ്. എന്നാല്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ഉത്ഘാടനമെന്ന പേരില്‍ വീണ്ടും തട്ടിക്കൂട്ടുന്ന ഈ പരിപാടികള്‍ എന്തിനുവേണ്ടിയാണെന്ന് കോന്നിയിലെ ജനങ്ങള്‍ക്കറിയാമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.