പത്തനംതിട്ട : പത്തനംതിട്ട ജനറൽ ആശുപത്രിയെ കോന്നി മെഡിക്കൽ കോളേജിൻ്റെ ഭാഗമാക്കിക്കൊണ്ടുള്ള സർക്കാർ ഉത്തരവിറങ്ങി. ആശുപത്രിയിലെ ഡോക്ടർമാരെ പുതിയ മെഡിക്കൽ കോളേജിലെ അധ്യാപകരാക്കിക്കൊണ്ടാണ് ഉത്തരവ്. ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലാണ് ഡോക്ടർമാരെ മെഡിക്കൽ കോളേജ് അധ്യാപകരായി കൊണ്ടുവരുന്നത്. ആശുപത്രി സംവിധാനങ്ങളെ മെഡിക്കൽ കോളേജിൻ്റെ ഭാഗമായി ഉപയോഗപ്പെടുത്തും.
ദേശീയ മെഡിക്കൽ കമ്മീഷന്റെ പരിശോധനയ്ക്ക് മുന്നോടിയായാണ് ആരോഗ്യവകുപ്പിന്റെ നീക്കം. 2022-23 അധ്യയന വർഷത്തിൽ മെഡിക്കൽ കോളേജിൽ നൂറ് വിദ്യാർത്ഥികൾക്ക് അഡ്മിഷൻ നൽകാൻ വേണ്ടിയാണ് ജനറൽ ആശുപത്രിയെ മെഡിക്കൽ കോളേജിന്റെ ഭാഗമാക്കി മാറ്റുന്നത്.
ജനറൽ ആശുപത്രിയെ മെഡിക്കൽ കോളേജിന്റെ ഭാഗമാക്കുന്നതിൽ ഡോക്ടർമാർക്ക് എതിർപ്പില്ല എന്നാൽ ആശുപത്രിയെ ജില്ലാ ആശുപത്രിയായി തന്നെ നിലനിർത്തണമെന്നും ഹെൽത്ത് സർവ്വീസസിന് കീഴിൽ എല്ലാ സൗകര്യങ്ങളോടെ തന്നെ തുടരണമെന്നുമാണ് കെജിഎംഒ അടക്കമുള്ള ഡോക്ടർമാരുടെ സംഘടനകളുടെ ആവശ്യം. ഇടുക്കി, പാലക്കാട്, മഞ്ചേരി ആശുപത്രികളുടെ കാര്യത്തിലും ഇതേ നിലപാട് തന്നെയാണ് പറഞ്ഞിരുന്നതെങ്കിലും അനുകൂലമായ നിലപാട് സ്വീകരിക്കാത്തതിൽ സർക്കാർ ഡോക്ടർമാർക്ക് ആശങ്കയുണ്ട്.