കോന്നി : 14 കോടി രൂപ ചിലവിൽ കോന്നി മെഡിക്കൽ കോളേജ് റോഡ് നിർമ്മാണം പുരോഗമിക്കുന്നു. 225 സ്ഥല ഉടമകളിൽ നിന്നായി 2.45 ഹെക്റ്റർ സ്ഥലമാണ് കോന്നി മെഡിക്കൽ കോളേജ് റോഡ് നിർമ്മാണത്തിനായി സർക്കാർ ഏറ്റെടുത്തത്. റോഡിന്റെ സംരക്ഷണ ഭിത്തി നിർമ്മിച്ച് മണ്ണിട്ട് നിരപ്പാക്കുന്ന ജോലികളാണ് ഇപ്പോൾ നടക്കുന്നത്. ഭൂമി ഏറ്റെടുപ്പ് നടപടികൾ പൂർത്തിയായ റോഡ് പന്ത്രണ്ട് മീറ്റർ വീതിയിൽ കോന്നി മുരിങ്ങമംഗലം മുതൽ വട്ടമൺ വരെ 2.800 കിലോമീറ്റർ ദൂരം ബി എം ബി സി സാങ്കേതിക വിദ്യയിൽ ആണ് നിർമ്മാണം നടക്കുന്നത്. നിലവിൽ 5 മീറ്ററുള്ള റോഡ് 9.5 മീറ്റർ വീതിയിൽ നിർമ്മിക്കും. കുപ്പക്കര മുതൽ വട്ടമൺ വരെ 1.800 കിലോമീറ്റർ നിലവിലേ മൂന്ന് മീറ്റർ റോഡ് 5.5 മീറ്റർ വീതിയിൽ ടാർ ചെയ്യും.
പത്ത് ഇടങ്ങളിൽ പൈപ്പ് കലുങ്കുകളും 1520 മീറ്റർ നീളത്തിൽ ഓടയും 1830 മീറ്റർ നീളത്തിൽ ഐറീഷ് ഓടയും നിർമ്മിക്കും. വട്ടമൺ ഭാഗത്ത് തോടിന് കുറുകെ രണ്ട് കലുങ്കുകളും നിർമ്മിക്കുന്നുണ്ട്. റോഡിന്റെ സാങ്കേതിക നടപടികൾ എല്ലാം തന്നെ പൂർത്തിയാക്കി പൊതു മരാമത്ത് വിഭാഗത്തിന്റെ നേതൃത്വത്തിൽ ആണ് നിർമ്മാണം പുരോഗമിക്കുന്നത്. വീതി കുറഞ്ഞ വട്ടമൺ കുരിശ് ജംഗ്ഷനിൽ പെരിഞ്ഞൊട്ടക്കൽ റോഡിനു കുറുകെ ഇരു വശവും വീതി കൂട്ടി നിലവിലുള്ള മെഡിക്കൽ കോളേജ് റോഡുമായി ബന്ധിപ്പിക്കുന്ന ജോലികളും നടക്കുന്നുണ്ട്. ഇത് പൂർത്തിയായാൽ മുരിങ്ങമംഗലം ജംഗ്ഷനിൽ എത്താതെ തന്നെ വീതി കൂടിയ റോഡിലൂടെ നവീകരിക്കുന്ന പഴയ റോഡിൽ എത്തുവാൻ സാധിക്കും. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും നിറവധി ആളുകൾ ആണ് കോന്നി മെഡിക്കൽ കോളേജിൽ എത്തി ചികിത്സ തേടുന്നത്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ശബരിമല ബേസ് ആശുപത്രിയായി പ്രവർത്തിച്ചതും കോന്നി മെഡിക്കൽ കോളേജ് ആയിരുന്നു.