കോന്നി: ലോകാരോഗ്യ ദിനത്തിൽ കോന്നി നിയോജക മണ്ഡലത്തിലെ മുഴുവൻ ആരോഗ്യ പ്രവർത്തകർക്കും സംരക്ഷണ കവചം കൈമാറി കോന്നി എം.എൽ.എ കെ.യു.ജനീഷ് കുമാർ. കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന ഡോക്ടർമാർക്കും,നേഴ്സുമാർക്കും, കോവിഡ് രോഗസംശയത്തെ തുടർന്ന് നിരീക്ഷണത്തിലുള്ള ആളുകളെ സന്ദർശിക്കുന്ന ഫീൽഡ് വിഭാഗം ജീവനക്കാർക്കും ധരിക്കാൻ വേണ്ടിയുള്ള പേഴ്സണൽ പ്രൊട്ടക്ടീവ് എക്യുപ്മെന്റ് (പി.പി.ഇ) കോന്നി താലൂക്ക് ആശുപത്രിയ്ക്ക് കൈമാറിയാണ് എം.എൽ.എ ലോകാരോഗ്യ ദിനത്തിൽ ആരോഗ്യ വകുപ്പ് ജീവനക്കാരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്.
കോവിഡ് ചികിത്സയ്ക്ക് പി.പി.ഇ കിറ്റുകൾ ആവശ്യത്തിന് ലഭ്യമല്ലാത്തതിനാൽ ആശുപത്രികളിൽ കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് മാസ്ക് മാത്രം ധരിച്ച് പലപ്പോഴും ജോലി ചെയ്യേണ്ട സാഹചര്യമുണ്ട്. മുംബയിൽ സ്വകാര്യ ആശുപത്രിയിൽ മതിയായ സുരക്ഷാ സംവിധാനം ഇല്ലാത്തതിനാൽ 40 ൽ അധികം മലയാളി നേഴ്സുമാർക്ക് കോവിഡ് രോഗബാധ റിപ്പോർട്ട് ചെയ്ത സാഹചര്യം നമുക്ക് മുന്നിലുണ്ട്. ഐസൊലേഷൻ വാർഡിൽ മാത്രമാണ് പൂർണ്ണമായും പി.പി.ഇ ധരിച്ച് ജീവനക്കാർ നിൽക്കുന്നത്. ആരോഗ്യമേഖലയിൽ ജീവനക്കാരുടെ ആരോഗ്യ സംരക്ഷണം വളരെ പ്രധാന പ്രശ്നമാണ്. ഈ സാഹചര്യത്തിലാണ് എം.എൽ.എ ജീവനക്കാർക്ക് സുരക്ഷാ കവചം കൈമാറിയത്.
പി.പി.ഇ കിറ്റുകൾക്ക് വലിയ ദൗർലഭ്യമാണ് അനുഭവപ്പെടുന്നത്.
കേരളത്തിനു പുറത്തുള്ള കമ്പനികളിൽ നിന്ന് പി.പി.ഇ യുടെ വിവിധ ഉല്പന്നങ്ങൾ വാങ്ങി ആരോഗ്യമേഖലയിലെ വിദഗ്ദരെ ഉപയോഗിച്ചാണ് കോന്നി മണ്ഡലത്തിലേക്കാവശ്യമായ കിറ്റുകൾ തയ്യാറാക്കിയത്. ഒന്നിൽ കൂടുതൽ തവണ ഉപയോഗിക്കാവുന്ന മുഖാവരണം, ശരീരത്തെ വൈറസിൽ നിന്നു സംരക്ഷിക്കുന്ന ഗൗൺ, കയ്യുറ, ഷൂ കവർ, കണ്ണിനെ സംരക്ഷിക്കുന്ന ഗോഗിൾസ് തുടങ്ങിയവയാണ് പി.പി.ഇ കിറ്റിൽ ഉൾപ്പെടുന്നത്. കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായി കോന്നി നിയോജക മണ്ഡലത്തിലെ മുഴുവൻ ആരോഗ്യ വകുപ്പ് ജീവനക്കാർക്കും ആവശ്യമായ സുരക്ഷാ സംവിധാനം ഉറപ്പാക്കുമെന്ന് എം.എൽ.എ പറഞ്ഞു.
കോന്നി താലൂക്ക് ആശുപത്രിയിൽ വച്ച് കിറ്റുകൾ എം.എൽ.എയിൽ നിന്നും ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ: എബി സുഷൻ ഏറ്റുവാങ്ങി.കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂർ പി.കെ, ആർ.എം.ഒ ഡോ: അരുൺ ജയപ്രകാശ്, ഹെഡ് നേഴ്സ് എസ്.ശ്രീലത,ആരോഗ്യ വകുപ്പ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.