കോന്നി : എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ -പ്ലസ് നേടിയ വിദ്യാർത്ഥികളെ കോന്നി കൾച്ചറൽ ഫോറം സംഘടിപ്പിച്ച മെറിറ്റ് ഫെസ്റ്റ് 2020 ല്‍ ആദരിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമിൽ കൂടി നടത്തിയ മെറിറ്റ് ഫെസ്റ്റ് മുൻ റവന്യു കയർ വകുപ്പ് മന്ത്രി അഡ്വ. അടൂർ പ്രകാശ് എം പി ഉദ്ഘാടനം ചെയ്തു.
കൾച്ചറൽ ഫോറം ചെയർമാൻ റോബിൻ പീറ്റർ അദ്ധ്യക്ഷത വഹിച്ചു. പ്രശസ്ത മലയാള ഭാഷാ അധ്യാപകനും രാജ്യാന്തര പരിശീലകനുമായ ബിനു കെ സാം വിദ്യാർത്ഥികൾക്കായി വ്യക്തിത്വ വികസന ക്ലാസ് എടുത്തു. കൾച്ചറൽ ഫോറം കൺവീനർ ശ്യാം.എസ് കോന്നി , വൈസ് ചെയർമാൻ എസ്. സന്തോഷ് കുമാർ എന്നിവർ പങ്കെടുത്തു. ഹയർ സെക്കന്ററി പരീക്ഷയിൽ 1200 ൽ 1200 മാർക്ക് നേടിയ വൈഷ്ണവി എസ് കുമാർ, ദേവനന്ദ രാജേഷ്, ആർ. ശ്രീനിധി എന്നിവർക്കും സോഷ്യൽ മീഡിയായിൽകൂടി പ്രശസ്തയായ ഗായിക പാർവ്വതി ജഗീഷിനും അടൂർ പ്രകാശ് എം പി പുരസ്കാരങ്ങൾ നൽകി ആദരിച്ചു. ഓൺ ലൈൻ വിദ്യാഭ്യാസ പ്രക്രിയയിൽ പഠന കാര്യങ്ങളിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരു വിദ്യാർത്ഥിനിയ്ക്ക് പഠനസഹായമായി കോന്നി കൾച്ചറൽ ഫോറം ഏർപ്പെടുത്തിയ ലാപ്പ്ടോപ്പ് എം.പി നൽകി. പൂർണ്ണമായും ഓൺലൈൻ പ്ലാറ്റ് ഫോമിൽ നടത്തിയ മെറിറ്റ് ഫെസ്റ്റിൽ പങ്കെടുത്ത വിദ്യാർത്ഥികൾ അടൂർ പ്രകാശ് എംപിയുമായി ആശയങ്ങൾ പങ്കുവെച്ചു. മെറിറ്റ് ഫെസ്റ്റിൽ രജിസ്ട്രർ ചെയ്ത 413 വിദ്യാർത്ഥികൾക്കും വിദ്യാലയങ്ങൾക്കും സർട്ടിഫിക്കേറ്റും പുരസ്കാരവും അടുത്ത ദിവസങ്ങളിലായി വിതരണം ചെയ്യുമെന്ന് സംഘാടകര്‍ അറിയിച്ചു.