കോന്നി : കോന്നി എം എൽ എ അഡ്വ. കെ ജനീഷ്‌കുമാറും ചില ജന പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കാത്തതിനെതിരെ കോന്നി താലൂക്ക് വികസന സമിതി യോഗത്തിൽ രൂക്ഷ വിമർശനമുയർന്നു. മാസങ്ങൾക്ക് മുൻപ് നടന്ന യോഗത്തിൽ മാത്രമാണ് എം എൽ എ പങ്കെടുത്തത്. ഇതിന് ശേഷം തുടർച്ചയായി ഉണ്ടായ ഒരു യോഗങ്ങളിലും പങ്കെടുത്തിട്ടില്ല. കോന്നി താലൂക്ക് ഓഫീസിൽ നടന്ന വിനോദയാത്ര വിവാദവുമായി ബന്ധപ്പെട്ട വിഷയങ്ങൾക്ക് ശേഷമാണ് ഇത്തരത്തിൽ എം എൽ എ പങ്കെടുക്കാതിരുന്നത് എന്നും ആക്ഷേപമുയർന്നു. ഈ കഴിഞ്ഞ യോഗത്തിലും എം എൽ എ പങ്കെടുത്തില്ല. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ്മാരിൽ രണ്ട് പേര് മാത്രമാണ് പങ്കെടുത്തത്. കൂടാതെ വിനോദയാത്ര വിവാദം നടക്കുന്നതിന് തൊട്ടുമുൻപുള്ള താലൂക്ക് വികസനസമിതി യോഗത്തിൽ വരെ വികസന സമിതിയിൽ എത്തുന്ന പ്രതിനിധികൾക്ക് കുടിവെള്ളം ലഭ്യമാക്കുന്ന രീതി ഉണ്ടായിരുന്നു. എന്നാൽ ഈ സംഭവങ്ങൾക്ക് ശേഷം ഇതും നൽകിയിട്ടില്ല എന്നതാണ് വാസ്തവം.
കോന്നിയുടെ വിവിധ മേഖലകളിൽ നിന്നും എത്തുന്ന പ്രായമായ ആളുകൾ വരെ കോന്നി താലൂക്ക് വികസന സമിതി യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. എന്നാൽ ഈ ആളുകൾക്ക് പോലും കുടിവെള്ളം നൽകാത്തത് ശരിയായ പ്രവണതയല്ലെന്നും യോഗം കുറ്റപ്പെടുത്തി. സർക്കാർ ഓഫീസിലുകളിലും മറ്റ് യോഗങ്ങളിലും ഈ ചൂട് കാലത്ത് കുടിവെള്ളം നിർബന്ധമായും നൽകണമെന്ന് സർക്കാർ തീരുമാനിച്ച അവസരത്തിൽ ആണ് താലൂക്ക് വികസന സമിതി പോലെ പ്രധാനപ്പെട്ട ഒരു യോഗത്തിൽ കുടിവെള്ളം നൽകാൻ നടപടി സ്വീകരിക്കാത്തത് എന്നും യോഗം കുറ്റപ്പെടുത്തി.