കോന്നി: എം.എല്‍.എ ആയി ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ കെ.യു.ജനീഷ് കുമാറിന് ആശംസാ പ്രവാഹം. സോഷ്യല്‍ മീഡിയയിലൂടെയും, എം.എല്‍.എ ഓഫീസില്‍ നേരിട്ടെത്തിയുമാണ് കോന്നിയിലെ ജനങ്ങള്‍ ആശംസകള്‍ നേര്‍ന്നത്.
ഇതൊരു തുടക്കം മാത്രമാണെന്ന സച്ചിന്‍ തെണ്ടുല്‍ക്കറുടെ വാക്കുകള്‍ ഓര്‍മപ്പെടുത്തിയാണ് കോന്നി എം എല്‍ എ യ്ക്ക് ബഥനി സന്യാസ സമൂഹത്തിനു വേണ്ടി ഫാ. ബെഞ്ചമിന്‍ എം.എല്‍.എ ഓഫീസില്‍ നേരിട്ടെത്തി ആശംസ അറിയിച്ചത്. കോന്നിയിലെ മാറ്റങ്ങള്‍ വാക്കുകള്‍ കൊണ്ട് വിവരിക്കാനാവുന്നതല്ല. പ്രവര്‍ത്തിയിലൂടെ അത് കാട്ടി തന്ന എന്റെ സഖാവും സുഹൃത്തുമായ അങ്ങയെ ബഥനി സന്യാസ വൈദിക സമൂഹത്തിന്റെയും സീതത്തോട്, കോന്നി ദേശത്തെ ഇടവക ജനങ്ങളുടെയും പ്രതിനിധിയായി അനുമോദനങ്ങള്‍ അറിയിക്കുന്നു ഫാ. ബെഞ്ചമിന്‍ പറഞ്ഞു. ചുവന്ന പൂക്കള്‍ കൊണ്ടുള്ള ബോക്കെ നല്‍കിയാണ് ഫാദാര്‍ ബെഞ്ചമിന്‍ ആശംസകള്‍ അറിയിച്ചത്.
കോന്നി എം.എല്‍.എ യായി ഒരു വര്‍ഷം പൂര്‍ത്തീകരിച്ച ഒക്ടോബര്‍ 28ന് മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങളെ കുറിച്ച് ജനങ്ങള്‍ തന്നെ അവരുടെ സോഷ്യല്‍ മീഡിയ പേജില്‍ നേരിട്ട് റിപ്പോര്‍ട്ട് ചെയ്യാന്‍ ജനീഷ് കുമാര്‍ ആഹ്വാനം ചെയ്തിരുന്നു. നിരവധി സ്ത്രീകളും പെണ്‍കുട്ടികളും പൊതുജനങ്ങളുമാണ് സിറ്റിസണ്‍ റിപ്പോര്‍ട്ട് എന്ന ഓണ്‍ലൈന്‍ പരിപാടിയില്‍ പങ്കെടുത്തു വികസന പ്രവര്‍ത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. രാവിലെ 7 മണിമുതല്‍ വൈകിട്ട് 7 വരെ നീളുന്ന ജനകീയ ഇടപെടലാണ് കോന്നിയില്‍ നടന്നത്.
കോന്നിയില്‍ ഒരു വര്‍ഷക്കാലം വികസനത്തിന്റെ വേലിയേറ്റം തന്നെ സൃഷ്ടിക്കാന്‍ കഴിഞ്ഞതായി എം.എല്‍.എ പറഞ്ഞു. നടന്നുകൊണ്ടിരുന്ന വികസന പദ്ധതികള്‍ പൂര്‍ത്തിയാക്കിയതിനൊപ്പം ആയിരകണക്കിന് കോടികളുടെ പുത്തന്‍ പദ്ധതികള്‍ ആരംഭിക്കാനും നിരവധി പുതിയ പദ്ധതികള്‍ പൂര്‍ത്തിയാക്കാനും കഴിഞ്ഞു. ഒന്നാം വാര്‍ഷികത്തില്‍ ജനങ്ങള്‍ നല്കിയ പിന്‍തുണ കൂടുതല്‍ പ്രചോദനം നല്കുന്നതായും എം.എല്‍.എ പറഞ്ഞു.