കോന്നി: കോന്നിയില്‍ ഡെങ്കിപനിയും പകര്‍ച്ച വ്യാധികളും വ്യാപകമാകുമ്പോള്‍ കോന്നി ഗ്രാമപഞ്ചായത്തിന്റെ മൂക്കിന് താഴെയുള്ള മയൂര്‍ ഏലായില്‍ കെട്ടി കിടക്കുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യുവാന്‍ നടപടിയില്ല. കോന്നി ഗ്രാമപഞ്ചായത്തിലെ പതിനേഴാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന പ്രദേശമായ മയൂര്‍ ഏലായില്‍ വര്‍ഷങ്ങളായി മാലിന്യത്തിന്റെ കേന്ദ്രമായി മാറിയിരിക്കുകയാണ്. നഗരത്തിലെ ഹോട്ടലുകളിലെയും വ്യാപാര സ്ഥാപനങ്ങളിലെയും അടക്കമുള്ള മാലിന്യങ്ങള്‍ ഈ ഏലായിലേക്കാണ് ഒഴുക്കുന്നത്. മാലിന്യങ്ങള്‍ ചീയുന്ന ദുര്‍ഗന്ധം മൂലം പ്രദേശത്ത് നില്‍ക്കാന്‍ പോലും കഴിയാത്ത സ്ഥിതിയാണ് ഉള്ളത്. കോന്നി നഗര മധ്യത്തില്‍ ആണ് ഏലാ സ്ഥിതി ചെയ്യുന്നത് എന്നതിനാല്‍ തന്നെ ഇവിടെ നിന്നും പകരുന്ന രോഗങ്ങള്‍ കോന്നിയില്‍ എത്തുന്ന ആളുകള്‍ വഴി നിരവധി സ്ഥലങ്ങളിലേക്ക് പകരുന്നതിനുള്ള സാധ്യത ഏറെയാണ്. കോന്നിയിലെ ഹോട്ടലുകള്‍ അടക്കമുള്ള പല സ്ഥാപനങ്ങളില്‍ നിന്നും പൈപ്പുകള്‍ സ്ഥാപിച്ച് ഇതുവഴിയാണ് മലിന ജലം ഏലായിലേക്ക് ഒഴുക്കി വിടുന്നത്.
അതേസമയം ആരോഗ്യ വകുപ്പും കോന്നി ഗ്രാമപഞ്ചായത്ത് അധികൃതരും ഈ വിഷയത്തില്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. കോന്നി ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് നിന്നും നടന്നെത്താവുന്ന ദൂരം മാത്രമാണ് ഏലാ സ്ഥിതി ചെയ്യുന്ന ഇടത്തേക്ക് ഉള്ളത്. മലിന ജലം കെട്ടികിടക്കുന്നതിന്റെ സമീപത്ത് കൂടി ജനവാസ മേഖലയിലേക്ക് പോകുന്ന നടപ്പാതയും ഉണ്ട്. മലിനജലം കെട്ടികിടക്കുന്ന ഈ വഴിയിലൂടെ ആണ് നാട്ടുകാര്‍ യാത്രചെയ്യുന്നത്. കോന്നി ഗ്രാമപഞ്ചായത്തില്‍ മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളും പകര്‍ച്ച വ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളും വ്യാപകമായി നടക്കുന്നു എന്ന് പഞ്ചായത്ത് അവകാശപെടുമ്പോഴും വര്‍ഷങ്ങളായി മലിന ജലം കെട്ടികിടക്കുന്ന ഈ പ്രദേശത്തേക്ക് അധികൃതര്‍ തിരിഞ്ഞ് നോക്കാത്തതില്‍ വലിയ പ്രതിഷേധത്തിലാണ് നാട്ടുകാര്‍. മല്‍സ്യ മാംസാവശിഷ്ടങ്ങള്‍ വരെ ഈ മലിന ജലത്തില്‍ ഉപേക്ഷിക്കുന്നുണ്ട്. കൊതുക്,എലികള്‍ എന്നിവയുടെ പ്രധാന കേന്ദ്രമാണ് ഇവിടം. കാട് കയറി കിടക്കുന്ന ഈ ഭാഗത്ത് ഇഴജന്തുക്കളുടെ ശല്യവും വര്‍ധിക്കുന്നുണ്ട്. കോന്നി താലൂക്കിലെ വിവിധ പഞ്ചായത്തുകളില്‍ പകര്‍ച്ച പനിയും മഴക്കാല രോഗങ്ങളെയും വ്യാപകമാകുന്ന സാഹചര്യത്തില്‍ മയൂര്‍ ഏലായിലെ മാലിന്യ പ്രശ്‌നത്തിന് അടിയന്തിര പരിഹാരം കാണുവാന്‍ അധികൃതര്‍ ഇടപെടേണ്ടത് ആവശ്യമാണ്.