കോന്നി : ഊട്ടുപാറയിൽ മദ്യപശല്യം ചോദ്യം ചെയ്ത കുടുംബത്തെ ക്രൂരമായി മര്‍ദ്ദിച്ച പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതായി കോന്നി പോലീസ്. ഊട്ടുപാറ സ്വദേശി അഭിലാഷ്, റജി, സാബു, സതീഷ് എന്നിവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ വീട്ടില്‍ കയറി മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിനും പരിക്കേറ്റവര്‍ ചികിത്സതേടി കോന്നി താലൂക്ക് ആശുപത്രിയില്‍ എത്തിയപ്പോള്‍ അവിടെ അതിക്രമിച്ചു കയറി പരുക്കേറ്റവരെ വീണ്ടും മര്‍ദ്ദിച്ചതിനുമാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്.
ഇന്നലെ നടന്ന സംഭവത്തിൽ ഒരു കുടുംബത്തിലെ നാല് പേർക്ക് പരുക്കേറ്റിരുന്നു. ഊട്ടുപാറ ചരിവുകാലായിൽ പുത്തൻവീട്ടിൽ ബിനു(45), ഭാര്യ രാജി, രാജിയുടെ അച്ഛൻ വിജയകുമാർ, അമ്മ രാജമ്മ എന്നിവർക്കാണ് മർദനമേറ്റത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. ഹൈസ്കൂളിന് സമീപത്തെ മദ്യപശല്യം ചോദ്യം ചെയ്ത ബിനുവും മദ്യപസംഘത്തിലുള്ളവരും തമ്മിൽ വാക്കേറ്റവും തുടർന്ന് സംഘർഷവും ഉണ്ടായി. സംഭവത്തിൽ ബിനുവിന്റെ മുഖത്തും അമ്മയുടെ നെറ്റിയിലും പരുക്കേറ്റു. തുടർന്ന് ഇവർ കോന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഇതറിഞ്ഞ് ആശുപത്രിയിൽ എത്തിയ അക്രമി സംഘം ഇവരെ വീണ്ടും മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി കോന്നി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. കോന്നി താലൂക്ക് ആശുപത്രി അധികൃതർ അറിയിച്ചതിനെതുടർന്ന് കോന്നി പോലീസ് സ്ഥലത്തെത്തി ബിനുവിന്റെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്തു.
എന്നാൽ സംഭവത്തിലെ പ്രതികളെ പിടികൂടുവാൻ പോലീസ് അനാസ്ഥ കാണിക്കുകയാണെന്നും കോന്നി എം.എല്‍.എക്ക് വളരെ വേണ്ടപ്പെട്ടവരാണ് പ്രതികളെന്നും കെ.പി.സി.സി അംഗം പി. മോഹന്‍ രാജ് ആരോപിച്ചു. കുറ്റവാളികളെ സംരക്ഷിച്ചുകൊണ്ട് കോന്നിയില്‍ അക്രമവും ഗുണ്ടായിസവും വളര്‍ത്തുവാനാണ് കോന്നി എം.എല്‍.എയും പോലീസും ശ്രമിക്കുന്നതെങ്കില്‍ ശക്തമായ ജനകീയ പ്രക്ഷോഭവുമായി കോണ്‍ഗ്രസ് മുന്നോട്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. കോന്നി പാര്‍ട്ടി ഗ്രാമമാക്കുവാന്‍ സി.പി.എം ശ്രമിക്കേണ്ടതില്ലെന്നും കോന്നിയിലെ ജനങ്ങള്‍ സമാധാനമാണ് ആഗ്രഹിക്കുന്നതെന്നും പോലീസിന്റെ ചുറ്റിക്കളി അവസാനിപ്പിച്ച് എത്രയുംവേഗം കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്നും മോഹന്‍രാജ് ആവശ്യപ്പെട്ടു.