കോന്നി : ചെങ്കുളംപാറമടയിൽ നടന്ന ദുരന്തത്തിൽ നടന്ന തിരച്ചിലിൽ അജയ് റായ് യുടെ മൃതദേഹം കണ്ടെത്താൻ കഴിഞ്ഞത് ലോങ്ങ് ബൂം എസ്‌കവേറ്റർ ഡ്രൈവർ കണ്ണന്റെ മനസാന്നിധ്യം. കേരളത്തിൽ ആദ്യത്തെ ബൂം ലോങ്ങ് എസ്‌കവേറ്ററാണ് കോന്നി ചെങ്കുളം പാറമടയിൽ എത്തിച്ചത്. 21 മീറ്റർ നീളത്തിലും ആഴത്തിലും തിരച്ചിൽ നടത്താവുന്ന സംവിധാനമാണ് ലോങ്ങ് ബൂം എസ്‌കവേറ്ററിന് ഉള്ളത്. അപകടം നിറഞ്ഞ പാറമടയിൽ മനുഷ്യൻ ഇറങ്ങി ചെന്ന് രക്ഷാ പ്രവർത്തനം ആസാധ്യമായതോടെ ആണ് ലോങ്ങ് ബൂം എസ്‌കവേറ്റർ സൗകര്യം ഉപയോഗിച്ചത്.
എസ്‌കവേറ്റർ സ്ഥലത്ത് എത്തിച്ച് അധികം താമസിക്കാതെ തന്നെ ലോറിയിൽ നിന്ന് ഇറക്കി ദുരന്ത മുഖത്തേക്ക് നീങ്ങുകയായിരുന്നു. പാറമടയിലെ ദുർഘടം നിറഞ്ഞ പാതയിലൂടെ സഞ്ചരിച്ച് എത്തിയ എസ്‌കവേറ്റർ ഉപയോഗിച്ച് ഇതിന്റെ ഓപ്പറേറ്റർ തമിഴ്നാട് സ്വദേശി കണ്ണന്റെ മനസാന്നിധ്യം ഒന്ന് കൊണ്ട് മാത്രമാണ് അജയ് റായ് യുടെ മൃതദേഹം തടസ്സങ്ങൾ നീക്കി പുറത്ത് എത്തിക്കുവാൻ സാധിച്ചത്. നീളമേറിയ വാഹനം ആയതിനാൽ തോട്ടപ്പള്ളിൽ നിന്നും പോലീസ് അകമ്പടിയോടെ പ്രത്യേക സുരക്ഷ ഒരുക്കിയാണ് വാഹനം സ്ഥലത്ത് എത്തിച്ചത്.