കോന്നി : കോന്നി പയ്യനാമൺ ചെങ്കുളം പാറമടയിൽ ഉണ്ടായ അപകടത്തിൽ രക്ഷാ പ്രവർത്തനം ദുർഘടമായി തുടരുന്നു. രാവിലെ 7.25 ഓടെ സ്ഥലത്ത് എത്തിയ എൻ ഡി ആർ എഫ്, ഫയർ ഫോഴ്സ് സേനാംഗങ്ങൾ തിരച്ചിൽ ആരംഭിച്ചതിന് ശേഷം ഒൻപതരയോടെ തിരച്ചിൽ തത്കാലികമായി അവസാനിപ്പിക്കുകയായിരുന്നു. ഫയർ ഫോഴ്സ്, എൻ ഡി ആർ എഫ് സംഘങ്ങളുടെ നേതൃത്വത്തിൽ സംയുക്തമായി നടത്തുന്ന രക്ഷാ പ്രവർത്തനത്തിന് ഇടയിൽ നിരവധി തവണ പാറ താഴേക്ക് ഇടിഞ്ഞു വീണത് രക്ഷാ പ്രവർത്തനത്തെ സാരമായി ബാധിച്ചു. ദുരന്ത നിവാരണ സേനയുടെ 27 അംഗങ്ങളും ഫയർ ഫോഴ്‌സിന്റെ 20 അംഗങ്ങളും ചേർന്നാണ് തിരച്ചിൽ നടത്തിയത്. തിരച്ചിൽ ദുർഘടമായതോടെ വലിയ ക്രയിൻ കൊണ്ടുവന്ന് ഇരുമ്പ് റോപ്പ് ഉപയോഗിച്ച് മണ്ണ് മാന്തി യന്ത്രം ഉയർത്തുവാൻ ആയിരുന്നു ആദ്യം ശ്രമിച്ചിരുന്നത്.
കരുനാഗപ്പള്ളിയിൽ നിന്ന് ക്രയിൻ എത്തിക്കുവാനുള്ള നടപടികൾ പുരോഗമിക്കുന്നതിനിടെ വലിയ ക്രയിൻ ഉപയോഗിച്ചുള്ള രക്ഷാ പ്രവർത്തനം സാധിക്കില്ല എന്ന് കണ്ടത്തിയതോടെ ഈ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. ക്രയിൻ ഉപയോഗിച്ചുള്ള രക്ഷാ പ്രവർത്തനം സാധിക്കാതെ വന്നതോടെ റോപ്പ് കെട്ടി ജെ സി ബി വലിച്ചു താഴെ ഇറക്കാൻ ആണ് ഇനിയുള്ള ശ്രമം എന്നും സേനാംഗങ്ങൾ അറിയിച്ചു. പത്തനംതിട്ട ജില്ലാ കളക്റ്റർ പ്രേം കൃഷ്ണൻ ഐഎഎസ്, റവന്യു വകുപ്പ്, പോലീസ്, രക്ഷ സേന, ദുരന്ത നിവാരണ സേന അടക്കമുള്ളവരുടെ ജീവൻ പണയം വെച്ചുള്ള രക്ഷാ പ്രവർത്തനങ്ങൾ ആണ് നിലവിൽ നടക്കുന്നത്. ജാർഖണ്ഡ് സ്വദേശി അജയ് റേ യുടെ മൃതദേഹമാണ് ഇനി കണ്ടെത്താൻ ഉള്ളത്.