കോന്നി : പയ്യനാമൺ ചെങ്കുളം പാറമടയിലെ രക്ഷാ പ്രവർത്തനത്തിന് ഇടയിൽ ഫയർ ഫോഴ്സ് ടാസ്ക് ഫോഴ്സ് ടീം രക്ഷപെട്ടത് തലനാരിഴക്ക്. ടാസ്ക് ഫോഴ്സ് അംഗങ്ങളായ ബിനു, ജിത്ത്, അജി, അതുൽ എന്നിവരാണ് അപകടം സംഭവിക്കാതെ അത്ഭുതകരമായി രക്ഷപെട്ടത്. മുകളിൽ നിന്ന് ജില്ലാ ഫയർ ഉദ്യോഗസ്ഥരുടെ നിർദേശ പ്രകാരം അപകട സ്ഥലത്തേക്ക് ഇറങ്ങിയ ഇവർ രക്ഷാ പ്രവർത്തനം നടന്നു കൊണ്ടിരിക്കുന്നതിനിടയിൽ കൂറ്റൻ പാറ ഇടിഞ്ഞ് ഇവർ നിന്നിരുന്ന ഭാഗത്തേക്ക് വീഴുകയായിരുന്നു. മുകളിൽ നിന്നവർ റോപ്പ് ഉയർത്തിയതിനെ തുടർന്നാണ് ഇവർ അത്ഭുതകരമായി രക്ഷപെട്ടത്.
കഴിഞ്ഞ ദിവസം ആരംഭിച്ച രക്ഷാ ദൗത്യത്തിനിടെ 15 തവണയോളമാണ് കല്ല് ഇടഞ്ഞു വീണത്. നാല് പേർ ചുറ്റിനും നിന്നാൽ പോലും ചുറ്റി പിടിക്കാൻ സാധിക്കാത്ത തരത്തിലുള്ള വലിയ പാറ കഷ്ണമാണ് മണ്ണ് മാന്തി യന്ത്രത്തിന് മുകളിൽ വീണിരിക്കുന്നത് എന്നാണ് അധികൃതർ പറയുന്നത്. ആലപ്പുഴയിൽ നിന്ന് ക്രയിൻ കൊണ്ടുവന്ന് പാറ ഉയർത്തി മാറ്റാൻ ആയിരുന്നു ആദ്യ ശ്രമം എങ്കിലും പിന്നീട് ഈ ദൗത്യം ഉപേക്ഷിക്കുകയായിരുന്നു.