കോന്നി : പുനലൂർ – മൂവാറ്റുപുഴ പാതയുടെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി കോന്നിയിലെ കുടിവെള്ള പൈപ്പ് ലൈനുകൾ ഇളക്കി മാറ്റിയതിന് ശേഷം ജല വിതരണ ടാപ്പുകൾ തുറന്നാൽ വെള്ളത്തിനൊപ്പം പുറത്ത് വരുന്നത് ടാറും ചെളിയുമാണ്.
ടാർ ഉരുകിയ നിലയിലാണ് പുറത്തേക്ക് ഒഴുകുന്നത്. ഇത് മൂലം ജല വിതരണം മുടങ്ങുന്നതിനും കാരണമാകുന്നുണ്ട്. ടാർ ഉരുകി വരുന്ന വെള്ളം ഉപയോഗിക്കുന്നത് മൂലം ജനങ്ങൾക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്. കോന്നിയിലെ മിക്ക പ്രദേശങ്ങളിലും ഇത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടാകുന്നുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. കുടിവെള്ള പൈപ്പുകള്‍ മാറ്റി സ്ഥാപിച്ചപ്പോഴുള്ള സൂഷ്മതക്കുറവാണ് ഇങ്ങനെയുണ്ടാകുവാന്‍ കാരണമെന്നും പൈപ്പുകളില്‍ കടന്നുകൂടിയ മാലിന്യങ്ങള്‍ എത്രയുംവേഗം നീക്കുവാന്‍ നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.