കോന്നി : കിടപ്പുരോഗിയായ എണ്‍പതുകാരിയെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചുവെന്ന കേസില്‍ എഴുപത്തിനാലുകാരന്‍ അറസ്റ്റില്‍. വി കോട്ടയം വകയാര്‍ കൊല്ലന്‍പടി മുകളുവിള വീട്ടില്‍ പൊടിയ(74)നാണ് അറസ്റ്റിലായത്. സ്ത്രീകളെ ഉടുവസ്ത്രം ഉയര്‍ത്തിക്കാട്ടുന്നത് ഉള്‍പ്പെടെ നേരത്തെയും പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിട്ടുള്ളയാളാണ് പ്രതിയെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഞായറാഴ്ച വൈകിട്ട് മൂന്നരയോടെ വീട്ടില്‍ അതിക്രമിച്ചകയറിയ ഇയാള്‍ കിടപ്പുരോഗിയായ വൃദ്ധയെ കടന്നുപിടിച്ച് ലൈംഗിക അതിക്രമം കാട്ടുകയായിരുന്നു.
വൃദ്ധയുടെ ഭര്‍ത്താവ് നേരത്തെ മരണപ്പെട്ടതാണ്. മകള്‍ക്കൊപ്പമാണ് താമസം. ഈ സമയം മകള്‍ വീട്ടില്‍ ഇല്ലായിരുന്നു. വീട്ടില്‍ സ്വാതന്ത്ര്യമുള്ള പ്രതി മുമ്പും ഇവിടെ വന്നിട്ടുണ്ട്. അലര്‍ച്ചയും ബഹളവും കേട്ട് മകള്‍ ഓടിയെത്തിയപ്പോഴേക്കും ഇയാള്‍ രക്ഷപ്പെട്ടു. ബലാല്‍സംഗശ്രമത്തിനിടെ പരിക്കുപറ്റി ആശുപത്രിയിലാണെന്ന വിവരപ്രകാരം, വയോധികയുടെ മൊഴിയെടുത്ത കോന്നി പോലീസ് പ്രതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. വയോധികയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. പോലീസ് ഇന്‍സ്‌പെക്ടര്‍ പി ശ്രീജിത്തിന്റെ നേതൃത്വത്തില്‍ ഊര്‍ജ്ജിതമാക്കിയ അന്വേഷണത്തില്‍ സംഭവശേഷം മുങ്ങിയ പ്രതിയെ വകയാറില്‍ നിന്നും കസ്റ്റഡിയിലെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.