കോന്നി: കോന്നി ആനക്കൂട് റോഡിൽ മാങ്കുളം ജംഗ്ഷനിൽ റോഡ് തകർന്നത് 48 മണിക്കൂറിനുള്ളിൽ ഗതാഗത യോഗ്യമാക്കാൻ കെ.യു.ജനീഷ് കുമാർ എം.എൽ.എ പൊതുമരാമത്ത് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നല്കി.
കോന്നിയിലെ ഏറ്റവും തിരക്കേറിയ റോഡാണ് ഇത്. താലൂക്ക് ആശുപത്രി, മിനി സിവിൽ സ്റ്റേഷൻ, ആനത്താവളം, വിവിധ ആരാധനാലയങ്ങൾ ഉൾപ്പടെ പ്രധാന സ്ഥലങ്ങളിലേക്ക് ആയിര കണക്കിനാളുകൾ ദിനംതോറും ഉപയോഗിക്കുന്ന ഈ റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് താലൂക്ക് വികസന സമിതിയിലടക്കം നിരവധി തവണ ആവശ്യമുയർന്നിരുന്നു. കോന്നിയിലെ വ്യാപാരികളും ഓട്ടോ തൊഴിലാളികളും എം.എൽ.എയോട് നിരവധി തവണ പരാതിപ്പെടുകയും ചെയ്തിരുന്നു. റോഡിന്റെ ശോചനീയാവസ്ഥ ബോധ്യപ്പെട്ടിട്ടും ഗതാഗത യോഗ്യമാക്കുവാൻ ഉദ്യോഗസ്ഥർ തയ്യാറാകാതിരുന്നതിനാലാണ് എം.എൽ.എ നേരിട്ട് സ്ഥലത്തെത്തി ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തിയത്.
കോന്നി പി.ഡബ്ളിയു.ഡി അസി.എഞ്ചിനിയർ അഞ്ജു പ്രമോദ് , ഓവർസിയർ സച്ചിൻ എന്നിവരെയാണ് എം.എൽ.എ വിളിച്ചു വരുത്തി 48 മണിക്കൂറിനുള്ളിൽ റോഡ് ഗതാഗതയോഗ്യമാക്കാൻ നിർദ്ദേശം നല്കിയത്. കോന്നി നിയോജക മണ്ഡലത്തിലെ ബഹുഭൂരിപക്ഷം പൊതുമരാമത്ത് റോഡുകളും കുഴികൾ അടച്ച് ഗതാഗതയോഗ്യമാക്കിയിട്ടുണ്ട്. ഇതിനായി 8 കോടി രൂപ മണ്ഡലത്തിൽ ചെലവഴിച്ചിട്ടുണ്ട്. വർഷങ്ങളായി തകർന്നു കിടന്ന റോഡുകൾ അടക്കം ഇപ്പോൾ സഞ്ചാരയോഗ്യമായിട്ടുണ്ട്. ഇനിയും എവിടെയെങ്കിലും റോഡ് തകർന്നതായി ശ്രദ്ധയിൽ പെട്ടാൽ തന്റെ ഓഫീസിൽ അറിയിക്കണമെന്നും എം.എൽ.എ അഭ്യർത്ഥിച്ചു. എം.എൽ.എയോടൊപ്പം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂർ പി.കെ.യും ഉണ്ടായിരുന്നു.