കോന്നി : നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന പുനലൂർ – മൂവാറ്റുപുഴ റോഡിലെ കോന്നി ഭാഗത്ത് യാത്രക്കാർ കൃത്യമായ ദിശയിൽ സഞ്ചരിക്കുവാൻ വേണ്ടി സ്ഥാപിച്ച ദിശാ സൂചികകൾ പോലീസ് നീക്കം ചെയ്തത് യാത്രക്കാരെ വലിക്കുന്നു.
റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത് മുതൽ പുനലൂർ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ കോന്നി സെൻട്രൽ ജങ്ഷനിൽ എത്തി പോസ്റ്റോഫീസ് റോഡ് വഴി കുമ്പഴയിലെത്തിയാണ് പത്തനംതിട്ട ഭാഗത്തേക്ക് പോകുന്നത്. ഇതിനായി കോന്നി സെൻട്രൽ ജംക്ഷനിൽ ദിശാ ബോർഡുകളും സ്ഥാപിച്ചിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് കാലത്ത് കോന്നി പോലീസ് ഇത് താത്കാലികമായി നീക്കിയെങ്കിലും പിന്നീട് ഇത് പുനഃസ്ഥാപിച്ചിട്ടില്ല. ഇത് മൂലം പുനലൂർ ഭാഗത്ത് നിന്ന് വരുന്ന യാത്രക്കാർ വഴിയറിയാതെ സെൻട്രൽ ജംക്ഷനിൽ നിന്നും നേരെ സഞ്ചരിക്കുന്നതാണ് ഇപ്പോൾ ബുദ്ധിമുട്ടിലായിരിക്കുന്നത്.
പുളിമുക്ക് വരെ സഞ്ചരിച്ചെത്തുന്ന വാഹങ്ങൾ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതറിഞ്ഞ് തിരികെ വീണ്ടും കോന്നിയിൽ എത്തി പോസ്റ്റോഫീസ് റോഡ് വഴി പോകുന്ന സംഭവങ്ങളും പതിവായിട്ടുണ്ട്. ദൂരയാത്രക്കാരായ ആളുകൾക്കാണ് കൂടുതലും ഇത്തരത്തിലെ അമളികൾ പറ്റുന്നത്. ദിശാ ബോർഡുകൾ പഴയ സ്ഥാനത്ത് പുനഃസ്ഥാപിച്ചെങ്കിൽ മാത്രമേ ഇതിന് പരിഹാരം സാധ്യമാകു.