കോന്നി : അഹങ്കാരത്തിന് കയ്യും കാലും വെച്ചവരെ കാണണമെങ്കില്‍ കോന്നി താലൂക്ക് ആശുപത്രിയില്‍ ചെന്നാല്‍ മതി. രോഗികളോടും കൂടെവരുന്നവരോടും വളരെ പരുഷമായാണ് ചില ജീവനക്കാര്‍ പെരുമാറുന്നത്. ഇന്നും ഇതുപോലെയുള്ള സംഭവം ഇവിടെ ആവര്‍ത്തിച്ചു.
അവശനിലയിൽ കോന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ച വയോധികനെ വിശദമായ പരിശോധനയ്ക്ക് വേണ്ടി തിരികെ കൊണ്ടുപോകാൻ ഇ.എം.എസ് ചാരിറ്റബിൾ സൊസൈറ്റി ജീവനക്കാർ ഗ്ലൌസ് ചോദിച്ചപ്പോൾ തരില്ലെന്നും പുറത്ത് നിന്ന് വാങ്ങിയാൽ മതിയെന്നും കോന്നി താലൂക്ക് ആശുപത്രി ജീവനക്കാര്‍ മറുപടി നല്‍കി.
കോന്നി എലിയറയ്ക്കൽ മേലേതറയിൽ രാഘവ(86)നെ വീട്ടിൽ കാണാതായതോടെ അന്വേഷിച്ചിറങ്ങിയ പെൺകുട്ടികളായ കൊച്ചുമക്കളാണ് ഞായറാഴ്ച്ച രാവിലെ എലിയറയ്ക്കലിൽ റോഡരുകിൽ നിന്ന് ഇദ്ദേഹത്തെ അവശനിലയിൽ കണ്ടെത്തുന്നത്. തുടർന്ന് കോന്നി ഇ.എം.എസ് ചാരിറ്റബിൾ സൊസൈറ്റി അധികൃതരെ വിവരം അറിയിച്ചതിനെ തുടർന്ന് ഇദ്ദേഹത്തെ കോന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് ഇ സി ജി യിൽ വേരിയേഷൻ അനുഭവപ്പെട്ടതോടെ വിശദമായ പരിശോധനയ്ക്കായി പത്തനംതിട്ടയിലേക്ക് കൊണ്ടുപോകുന്നതിനായി ആംബുലൻസിൽ തിരികെ കയറ്റുവാൻ ആശുപത്രി അധികൃതരോട് ഗ്ലൌസ് ആവശ്യപ്പെട്ടപ്പോൾ അവർ നൽകില്ലെന്നും പുറത്ത് നിന്ന് വാങ്ങിയാൽ മതിയെന്നും മറുപടി നൽകുകയായിരുന്നു.
ഇതിനെ തുടർന്ന് കെ യു ജനീഷ് കുമാർ എം എൽ എ യെ വിവരം ധരിപ്പിച്ചു. എം.എൽ.എ ആശുപത്രി അധികൃതരെ ബന്ധപ്പെട്ടപ്പോള്‍ ആരോപണങ്ങള്‍ അവര്‍ പൂര്‍ണ്ണമായി നിഷേധിച്ചു. അങ്ങനെ പറഞ്ഞിട്ടില്ലെന്നും ഇങ്ങനെ ഒരുസംഭവം ഉണ്ടായിട്ടില്ലെന്നും പറഞ്ഞ് ആശുപത്രി അധികൃതർ മലക്കം മറിഞ്ഞുവെന്നും കൊച്ചുമക്കൾ പറഞ്ഞു. സംഭവത്തിൽ നാട്ടുകാര്‍ ശക്തമായ പ്രതിഷേധത്തിലാണ്. താലൂക്ക് ആശുപത്രിയെന്നാണ് പേരെങ്കിലും ഇ.സി.ജി പോലും എടുക്കുവാന്‍ ഇവിടെ സാധിക്കാത്തത് അധികൃതരുടെ ഉപേക്ഷയാണെന്നും നാട്ടുകാര്‍ പറഞ്ഞു.