കോന്നി : കോന്നി തണ്ണിത്തോട് ചിറ്റാർ റോഡിലേക്ക് ഇടിഞ്ഞുവീണ് അപകട ഭീഷണി ഉയർത്തിയിരുന്ന പച്ചമണ്ണ് പി ഡബ്ള്യു ഡി റോഡ് വിഭാഗം നീക്കം ചെയ്തു. തണ്ണിത്തോട് മൂഴിക്ക് സമീപത്തായാണ് റോഡിലേക്ക് കൂറ്റൻ മൺതിട്ട ഇടിഞ്ഞു വീണത്.
ഇത് റോഡിലെ വളവിൽ ആയതിനാൽ വാഹനങ്ങൾ കടന്നുപോകുന്നതിന് ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. ഇതിനെ തുടർന്ന് നാട്ടുകാർ ചേർന്ന് മണ്ണ് കുറച്ചുഭാഗം നീക്കിയിരുന്നു. എന്നാൽ ശക്തമായി പെയ്യ്ത മഴ മണ്ണ് നീക്കം ചെയ്യുന്നതിന് തടസമായിരുന്നു എന്നും അതിനാലാണ് മുൻപ് മണ്ണ് നീക്കം ചെയ്യാതിരുന്നതെന്നും അധികൃതർ പറഞ്ഞു. മഴ മാറി നിന്നതിന് ശേഷമാണ് റോഡിലെ മണ്ണ് നീക്കം ചെയ്യാൻ സാധിച്ചത്. മണ്ണ് നീക്കം ചെയ്തു എങ്കിലും ഇടിഞ്ഞ മൺതിട്ടയുടെ ബാക്കി ഭാഗം ഇപ്പോഴും അപകട ഭീഷണി ഉയർത്തുന്നുണ്ട്. ഇത് സംരക്ഷണ ഭിത്തി കെട്ടി അപകട ഭീതി ഇല്ലാതാക്കണമെന്നും നാട്ടുകാർ ആവശ്യപെടുന്നു.