കോന്നി : കോന്നി തണ്ണിത്തോട് റോഡിലെ വനഭാഗത്ത് മാലിന്യങ്ങൾ ഉപേക്ഷിക്കുന്നത് വ്യാപകമാകുന്നു. ഞള്ളൂർ വനഭാഗത്താണ് കൂടുതലും മാലിന്യങ്ങൾ ഉപേക്ഷിക്കുന്നത്. രാസപദാർത്ഥങ്ങൾ കലർന്ന മാലിന്യങ്ങൾ മുതൽ മത്സ്യ മാംസാവശിഷ്ടങ്ങൾ വരെ ഈ കൂട്ടത്തിലുണ്ട്. ഇത് വന്യ മൃഗങ്ങൾക്ക് വലിയ ഭീഷണിയാണ് ഉയർത്തുന്നത്. മത്സ്യ മാംസാവശിഷ്ടങ്ങൾ റോഡരുകിൽ തള്ളുന്നത് മൂലമുണ്ടാകുന്ന ദുർഗന്ധം മൂലം യാത്രക്കാർക്ക് റോഡിലൂടെ സഞ്ചരിക്കാൻ സാധിക്കാത്ത അവസ്ഥയാണുള്ളത്.
രാത്രിയിലോ പുലർച്ചയോ ആയിരിക്കാം ഇത്തരത്തിൽ റോഡരുകിലെ വനഭാഗത്ത് മാലിന്യങ്ങൾ തള്ളുന്നതെന്നാണ് നാട്ടുകാരുടെ സംശയം. തണ്ണിത്തോട് ചിറ്റാർ റോഡിലും ഇതുതന്നെയാണ് അവസ്ഥ. നിരവധി ആനത്താരകൾ ഉള്ള ചിറ്റാർ റോഡിൽ മാക്രിപ്പാറ ഭാഗത്ത് ഉൾപ്പെടെ മാലിന്യങ്ങൾ വലിയ രീതിയിൽ തള്ളുന്നുണ്ട്. സമീപത്തെ തോട്ടിലേക്കും മാലിന്യങ്ങൾ തള്ളുന്നുണ്ട്. ഇത് ജനവാസ മേഖലയിലേക്കാണ് ഒഴുകി എത്തുന്നത്. മാത്രമല്ല കാട്ടാന, പന്നി, മലയണ്ണാൻ, കേഴ, മ്ലാവ്, മുള്ളൻപന്നി തുടങ്ങി നിരവധി വന്യ ജീവികളുടെ പ്രധാന ആവാസ കേന്ദ്രമാണ് ഇവിടം. കാട്ടാന ഉൾപ്പെടെ ഉള്ള വന്യ മൃഗങ്ങൾ പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റും ഭക്ഷിക്കുന്നതിന് സാധ്യത ഏറെയാണ്.