കോന്നി : ലോക്ക് ഡൗണിൽ ഇളവുകൾ നൽകിയപ്പോൾ പാറമടകളിൽ നിന്നുള്ള ടിപ്പർ ലോറികൾ കോന്നിയുടെ പൊതു നിരത്തുകൾ കൈയ്യടക്കി. അട്ടച്ചാക്കല്‍, പയ്യനാമൺ, കലഞ്ഞൂർ, അതിരുങ്കൽ, പോത്തുപാറ തുടങ്ങിയ സ്ഥലങ്ങളാണ് കോന്നിയിലെ പാറമടകൾ പ്രവർത്തിക്കുന്ന പ്രധാന കേന്ദ്രങ്ങൾ. ആലപ്പുഴ, ഓച്ചിറ തുടങ്ങി ജില്ലയ്ക്ക് പുറത്ത് നിരവധി സ്ഥലങ്ങളിലേക്കാണ് ഇവിടെ നിന്ന് പാറ ഉത്പന്നങ്ങൾ കൊണ്ടുപോകുന്നത്.
ലോക്ക് ഡൗൺ ഇളവുകൾ മറയാക്കി നിരവധി ടിപ്പർ ലോറികളാണ് റോഡുകൾ കയ്യടക്കി ചീറിപ്പായുന്നത്. ശരിയായ പാസുകളിൽ അനുവദിച്ചതിലും ഇരട്ടിയായി അമിത ഭാരം കയറ്റിയാണ് ടിപ്പർ ലോറികൾ സഞ്ചരിക്കുന്നത്. അമിത വേഗതയിൽ പായുന്ന ടിപ്പറുകൾ വരുത്തി വെയ്ക്കുന്ന അപകടങ്ങളും കുറവല്ല. കഴിഞ്ഞ ഇന്നലെ രാവിലെ ആയിരുന്നു ടിപ്പർ ലോറിയുടെ അമിത വേഗത മൂലം അട്ടച്ചാക്കൽ വഞ്ചിപ്പടിയിൽ ഒരു ബൈക്ക് യാത്രക്കാരൻ അപകടത്തിൽ പെട്ട് മരിച്ചത്. ടിപ്പറിന്റെ ടയറുകൾ തലയിലൂടെ കയറി ഇറങ്ങി യുവാവ് തല്‍ക്ഷണം മരിച്ചിരുന്നു. സംഭവത്തിൽ ടിപ്പർ ലോറി ഡ്രൈവർക്കെതിരെ മനപൂർവ്വമല്ലാത്ത നരഹത്യക്ക് കോന്നി പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.
കോന്നി നഗരത്തിൽ മുൻപും ടിപ്പറിന്റെ അമിത വേഗം ജനങ്ങളുടെ ജീവനെടുത്തിട്ടുണ്ട്. കോന്നിയിൽ നിയന്ത്രണങ്ങൾ ലംഘിച്ച് അമിത വേഗതയിൽ പായുന്ന ടിപ്പർ ലോറികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കോന്നി പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം രാത്രിയിൽ നിയമങ്ങൾ കാറ്റിൽ പറത്തി പാഞ്ഞ ഒൻപത് ടിപ്പറുകൾ കോന്നി പോലീസ് പിടിച്ചെടുത്തു. ടിപ്പറുകൾക്ക് അയ്യായിരം രൂപ വീതം പോലീസ് പിഴയീടാക്കി. നിയമാനുസൃത രേഖകൾ ഇല്ലാത്തതിന് പതിനൊന്നോളം ടിപ്പറുകൾക്കെതിരെ കേസെടുക്കുകയും തുടർ നടപടികൾക്കായി ജിയോളജി വകുപ്പിന് കൈമാറുകയും ചെയ്തു. അമിത വേഗതയിൽ സഞ്ചരിച്ച അഞ്ച് ടിപ്പറുകൾക്കെതിരെ കേസെടുക്കുകയും ഇരുപത്തഞ്ചോളം ടിപ്പറുകൾക്ക് പെറ്റി ചുമത്തുകയും ചെയ്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.