കോന്നി : കോന്നി ട്രാഫിക് ജംഗ്ഷനിൽ ട്രാഫിക് സിഗ്‌നൽ ലൈറ്റ് സ്ഥാപിക്കാത്തത് ഗതാഗത കുറുക്കും അപകടങ്ങളും വർധിപ്പിക്കുന്നു. പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കോന്നി സെൻട്രൽ ജംഗ്ഷനിൽ എത്തിയതിനു ശേഷമാണ് വാഹനങ്ങൾ പുനലൂർ, പത്തനംതിട്ട, പോസ്റ്റ് ഓഫീസ് റോഡ്, പൂങ്കാവ് റോഡ് എന്നിവിടങ്ങളിലേക്ക് കടന്നു പോവുക. ശബരിമല മണ്ഡല കാലം ആരംഭിച്ചതോടെ ഇതര സംസ്ഥാനത്ത് നിന്ന് വരുന്ന വാഹനങ്ങൾ അടക്കം ഇതുവഴി പോകുന്നുണ്ട്. മുൻപ് ഉണ്ടായിരുന്ന സിഗ്‌നൽ ലൈറ്റ് വാഹനം ഇടിച്ച് തകർന്നതും പുനസ്ഥാപിച്ചിട്ടില്ല. വാഹനം തിരക്ക് വർധിച്ചതോടെ പോലീസും ഹോം ഗാർഡുകളും ആണ് തിരക്ക് നിയന്ത്രിക്കുന്നത്. പലയിടത്തും എസ് പി സി കേഡേറ്റ്കളെയും നിയോഗിച്ചിട്ടുണ്ട്. എന്നാൽ സംസ്ഥാന പാതയിൽ തിരക്ക് വർധിക്കുമ്പോൾ വാഹനങ്ങൾ മണിക്കൂറുകളോളം കാത്ത് നിന്ന ശേഷം ആണ് നാല് റോഡുകളിലേക്കും കടന്നുപോവുക. ഗുരുതരമായ അവസ്ഥയിൽ ആശുപത്രിയിലേക്ക് രോഗികളുമായി പോകുന്ന ആംബുലൻസുകളും ഈ തിരക്കിൽ പെട്ട് പോകാറുണ്ട്.
ട്രാഫിക് സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ചിരുന്നു എങ്കിൽ തിരക്കില്ലാതെ വാഹനങ്ങൾക്ക് കടന്നുപോകുവാൻ സാധിക്കുമായിരുന്നു. സംസ്ഥാന പാത നിർമ്മാണം പൂർത്തിയായിട്ടും പലയിടത്തും ട്രാഫിക് സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ചിട്ടില്ല. കോന്നി ട്രാഫിക് ജംഗ്ഷനിൽ ഇതിനോടകം നിരവധി വാഹനാപകടങ്ങളും നടന്നിട്ടുണ്ട്. കോന്നി എലിയറക്കൽ ജംഗ്ഷൻ, കോന്നി സെൻട്രൽ ജംഗ്ഷൻ, ചൈനമുക്ക് എന്നിവിടങ്ങളിൽ ആണ് പ്രധാനമായും സിഗ്‌നൽ ലൈറ്റ്കൾ വേണ്ടത്. എന്നാൽ ഈ മൂന്ന് സ്ഥലങ്ങളിലും സിഗ്നൽ ഇല്ല എന്നതാണ് വാസ്തവം. ഈ വിഷയം കോന്നി താലൂക്ക് വികസന സമിതി യോഗത്തിലും ഈ വിഷയം ഉയർന്നു വന്നിരുന്നു. എന്നിട്ടും യാതൊരു നടപടിയും ഉണ്ടായില്ല. കോന്നി ഗ്രാമ പഞ്ചായത്ത് ഗതാഗത ഉപദേശക സമിതി യോഗങ്ങളിൽ എടുക്കുന്ന തീരുമാനങ്ങൾ പലതും കടലാസിൽ മാത്രമായി ഒതുങ്ങി പോകുന്നു എന്നും ആക്ഷേപം ഉയരുന്നുണ്ട്.