പത്തനംതിട്ട : കോന്നിയിലെ വനം കൊള്ളയ്ക്ക് പിന്നില്‍ വന്‍ രാഷ്ട്രീയ മാഫിയ ബന്ധമുള്ളതായും കോവിഡ് 19 മഹാമാരിയും ലോക്ഡൗണും മറയാക്കി ജില്ലയില്‍ വ്യാപകമായ വനംകൊള്ളക്ക് സി.പി.എമ്മും എല്‍.ഡി.എഫും കളമൊരുക്കുന്നതിന്റെ ലഘുരൂപം മാത്രമാണ് കോന്നിയില്‍ നടന്ന വനംകൊള്ളയെന്നും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബാബു ജോര്‍ജ്ജ് ആരോപിച്ചു.
വനം കൊള്ളയെപ്പറ്റി ശക്തമായ ആരോപണങ്ങള്‍ ഉയര്‍ന്നുവന്നപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥനടക്കം 11 ഫോറസ്റ്റുകാരുടെ തലയില്‍ കുറ്റം കെട്ടിവെച്ച് തലയൂരാനും യാഥാര്‍ത്ഥ പ്രതികളെ രക്ഷപെടുത്താനും മന്ത്രിയുടെയും കോന്നി എം.എല്‍.എയുടെയും ഓഫീസ് കേന്ദ്രീകരിച്ച് ശക്തമായ രാഷ്ട്രീയ ഇടപെടല്‍ നടന്നതായി ബാബു ജോര്‍ജ്ജ് പറഞ്ഞു. ഉന്നതരായ രാഷ്ട്രീയ നേതാക്കളാണ് വനം കൊള്ളക്ക് ചുക്കാന്‍ പിടിച്ചത്. പതിനഞ്ചിലേറെ ആളുകള്‍ ചെന്ന് വനത്തില്‍ നിന്നും തടികള്‍ മുറിച്ച് കല്ലേലി ചെക്പോസ്റ്റ് വഴി ഉദ്യോഗസ്ഥ സഹായത്താലാണ് കടത്തിയത്. ഇതിന് കൂട്ടുനിന്ന ഉദ്യോഗസ്ഥരെ തുടക്കം മുതല്‍ എല്‍.ഡി.എഫ് സംരക്ഷിക്കുകയായിരുന്നു. അവസാനം നടുവത്തുമൂഴി റേഞ്ച് ഓഫീസറെ അന്വേഷണ ഉദ്യോഗസ്ഥനാക്കുകയും ചെയ്തിരുന്നു. ഇദ്ദേഹമടക്കം അന്വേഷണം നടത്തി തെളിവുകള്‍ ശേഖരിച്ചുവരവെയാണ് ഇപ്പോള്‍ ഇദ്ദേഹത്തെ ഉള്‍പ്പെടെ സസ്പെന്റ് ചെയ്ത് മുഖം രക്ഷിക്കാന്‍ ശ്രമം നടത്തുന്നത്.
യഥാര്‍ത്ഥ പ്രതികളെ അന്വേഷണ ഉദ്യോഗസ്ഥനായ ഫസലുദ്ദീന്‍ കണ്ടെത്തിയിരുന്നു. റിട്ടയര്‍മെന്റ് സമയം അടുത്തിരുന്നതിനാല്‍ ഇദ്ദേഹവും മൗനം പാലിക്കുകയായിരുന്നു. പകരം അന്വേഷണ ഉദ്യോഗസ്ഥനെ നിയമിച്ചിട്ടില്ല.
തടി മുറിച്ച് കടത്താന്‍ ശ്രമിച്ച 15 ഓളം തൊഴിലാളികളിലേക്ക് അന്വേഷണം നീണ്ടപ്പോഴേക്കും എം.എല്‍.എ ഓഫീസ് കടുത്ത ഇടപെടലും ഭീഷണിയും പ്രയോഗിച്ച് സംരക്ഷണ കവചമൊരുക്കി. ഇതില്‍ ഒരു തൊഴിലാളിയെ അറസ്റ്റ് ചെയ്ത് വാഹനം പിടിച്ചെടുത്തെങ്കിലും സമ്മര്‍ദ്ദത്തിനൊടുവില്‍ ഈ തൊഴിലാളിയെ വിട്ടയച്ചു. ഇവരിലേക്ക് അന്വേഷണം നീണ്ടാല്‍ ഉന്നതരായ യഥാര്‍ത്ഥ പ്രതികള്‍ കുടുങ്ങുമെന്നായപ്പോഴാണ് രാഷ്ട്രീയ സംരക്ഷണം ഒരുക്കാന്‍ കോന്നിയിലെ സി.പി.എം-സി.പി.ഐ നേതാക്കളും എന്‍.ജി.ഒ യൂണിയന്‍ നേതാവ് അടക്കം രംഗത്തെത്തിയതെന്ന് നാട്ടില്‍ പാട്ടാണ്.
വനത്തില്‍ നിന്ന് സാധാരണക്കാര്‍ ഒരു വിറകുകൊള്ളിയെടുത്താല്‍ കേസെടുക്കുന്ന വനംവകുപ്പാണ് ഇത്രയും വലിയ കൊള്ള നടന്നിട്ടും അനങ്ങാപ്പാറ നയം സ്വീകരിച്ചത്. നാളിതുവരെ കേട്ടുകേള്‍വിയില്ലാത്ത വിധമാണ് രാഷ്ട്രീയ ഇടപെടലുകളിലൂടെ കോന്നിയില്‍ വനം കൊള്ള അരങ്ങേറുന്നതെന്നും യഥാര്‍ത്ഥ പ്രതികളെ അന്വേഷണം നടത്തി അറസ്റ്റ് ചെയ്തില്ലായെങ്കില്‍ ശക്തമായ പ്രക്ഷോഭം കോണ്‍ഗ്രസ് സംഘടിപ്പിക്കുമെന്ന് ഡി.സി.സി പ്രസിഡന്‍റ് ബാബു ജോര്‍ജ്ജ് അറിയിച്ചു.