കോന്നി : അനാസ്ഥയുടെ പര്യായമായി കോന്നിയില്‍ ഒരു അംഗനവാടി. കോന്നി ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 17 ലെ മാമ്മൂട് മുപ്പത്തി എഴാം നമ്പര്‍ അംഗനവാടിയാണ് ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയില്‍ പ്രശസ്തമാകുന്നത്.
നാലര വര്‍ഷം മുമ്പ് കൊട്ടിഘോഷിച്ച് ഉത്ഘാടനം ചെയ്തതാണ്. പിന്നെ ആരും ഇങ്ങോട്ട് തിരിഞ്ഞു നോക്കിയിട്ടില്ല. പണി പൂര്‍ണ്ണമായും തീരുന്നതിനു മുമ്പാണ് ഉത്ഘാടനം നടന്നത്. ചുറ്റുമതില്‍ പോയിന്റ് ചെയ്യാതെ കരാറുകാരന്‍ മുങ്ങി. കരാര്‍ നല്‍കിയവര്‍ക്കും മേല്‍നോട്ടം നടത്തിയവര്‍ക്കും പരാതിയില്ല. പരാതിയുള്ളവര്‍ ഇവിടെ പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ മാത്രമാണ്. ജനപ്രതിനിധിയോടും ഗ്രാമ പഞ്ചായത്ത് അധികൃതരോടും രക്ഷിതാക്കള്‍ പരാതി പറഞ്ഞു മടുത്തു. കുട്ടികളെ ഏതു നിമിഷവും പാമ്പ് കടിക്കാം. ചുറ്റുമതിലിനോട് ചേര്‍ന്നാണ് അംഗനവാടി പണിതിരിക്കുന്നത്. ചുറ്റുമതില്‍ പോയിന്റ് ചെയ്തിട്ടില്ല. നിറയെ പൊത്തുകളാണ്. പല പ്രാവശ്യവും ഇവിടെ പാമ്പിന്‍പടം കണ്ടതായി നാട്ടുകാര്‍ പറയുന്നു. അംഗനവാടിയുടെ മുറ്റവും കുഴിയും കാടുമായി കിടക്കുകയാണ്. വയലിനോട് ചേർന്നാണ് അംഗനവാടി സ്ഥിതി ചെയ്യുന്നത്. ഈ വയല്‍ മൂർഖന്‍ ഉൾപ്പെടെയുള്ള ഇഴജന്തുക്കളുടെ വിഹാര കേന്ദ്രവുമാണ്. അംഗനവാടിക്ക് വൈദ്യുതി കിട്ടിയിട്ട് മൂന്നാഴ്ച മാത്രമേ ആയുള്ളൂ.
പതിനഞ്ചോളം പിഞ്ചു കുഞ്ഞുങ്ങളാണ് ഇവിടെ പഠിക്കുന്നത്. പാമ്പോ മറ്റ് ഇഴജന്തുക്കളോ കടിക്കാന്‍ വന്നാല്‍ ഓടി മാറുവാന്‍ പോലും ഈ കുഞ്ഞുങ്ങള്‍ക്ക് കഴിയില്ല. അപകടമുണ്ടാകുമ്പോള്‍ ഉണരുന്ന ഭരണ സംവിധാനമാണ് ഇവിടെയുള്ളത്. അപകടം ഒഴിവാക്കാനുള്ള മുന്നൊരുക്കങ്ങളില്‍ അധികൃതര്‍ക്ക് താല്പര്യമില്ല. വയനാട്ടില്‍ ക്ലാസ് റൂമില്‍ പാമ്പ് കടിയേറ്റ് ഒരു ജീവന്‍ പൊലിഞ്ഞപ്പോള്‍ എന്തൊരു ശുഷ്ക്കാന്തിയോടെയാണ് കേരളത്തിലെ സ്കൂളുകളും മൂത്രപ്പുരകളും പരിശോധിച്ചത്. അടുത്ത വസ്തുവിലെ പൊത്തുകള്‍ വരെ അടക്കുന്നതിന്റെ ഫോട്ടോയും വാര്‍ത്തയും മാധ്യമങ്ങള്‍ക്ക് നല്‍കുവാന്‍ ഒരു മടിയും ഉണ്ടായിരുന്നില്ല. എന്നാല്‍ പിഞ്ചു കുഞ്ഞുങ്ങള്‍ പഠിക്കുന്ന അംഗനവാടികള്‍ പലതും ഇവര്‍ കണ്ടില്ലെന്നു നടിച്ചു. ഇതിന്റെ ഉത്തമ ഉദാഹരണമാണ് കോന്നിയിലെ മാമ്മൂട്ടിലുള്ള മുപ്പത്തി എഴാം നമ്പര്‍ അംഗനവാടി.
കുട്ടികളുടെ സുരക്ഷയാണ് തങ്ങള്‍ക്ക് പ്രധാനമെന്ന് രക്ഷിതാക്കള്‍ പറയുന്നു. ഇക്കാര്യത്തില്‍ ഇനിയും ഒരു വിട്ടുവീഴ്ചയും ഇല്ലെന്നും അടിയന്തിര പരിഹാരം ഉണ്ടായില്ലെങ്കില്‍ പഞ്ചായത്ത് പ്രസിഡന്റിനെ ഉപരോധിക്കുന്നത് ഉള്‍പ്പെടെയുള്ള സമരത്തിലേക്ക് നീങ്ങുവാന്‍ തങ്ങള്‍ നിര്‍ബന്ധിതരായിത്തീരുമെന്നും ഇവര്‍ പറഞ്ഞു.