കോന്നി : അച്ഛൻകോവിലാറ്റിലൂടെ ഒഴുകി എത്തിയ പിടിയാനയുടെ ജഡം കരയ്ക്കെത്തിച്ചു. അഞ്ച് ദിവസത്തോളം പഴക്കമുള്ള പിടിയാനയുടെ ജഡമാണ് കുമ്മണ്ണൂർ ദക്ഷിണ കുമരംപേരൂർ ഫോറസ്റ്റ് സ്റ്റേഷന് ഒന്നര കിലോമീറ്റർ ദൂരെ അച്ഛൻകോവിലാറിന്റെ കരയിൽ അടിഞ്ഞത്.
കഴിഞ്ഞ ദിവസമാണ് അച്ഛൻകോവിലാറിലൂടെ ആനയുടെയും കുട്ടിയാനകളുടെയും ജഡങ്ങൾ ഒഴുകി വരുന്നതായി അഭ്യൂഹം പരന്നത്. തുടർന്ന് നടന്ന അന്വേഷണത്തിൽ വീഡിയോ ക്ലിപ്പുകളുടെയും ഫോട്ടോയുടേയും മറ്റും സഹായത്തോടെ സംഭവം വനപാലകര്‍ സ്ഥിരീകരിക്കുകയായിരുന്നു. രാത്രിയോടെ കരയ്ക്കടിഞ്ഞ പിടിയാനയുടെ ജഡം തണ്ണിത്തോട് കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ നിന്ന് കുട്ടവഞ്ചികൾ അടക്കമെത്തിച്ച് കയർ ഉപയോഗിച്ച് ഒഴുകി പോകാതെ കെട്ടിയിടുകയായിരുന്നു. അഞ്ച് ദിവസത്തോളം പഴക്കമുള്ള ജഡം ജീർണ്ണിച്ച് തുടങ്ങിയ നിലയിലായിരുന്നു. രാത്രിയിലെ വെളിച്ചക്കുറവും അനുകൂലമല്ലാത്ത കാലാവസ്ഥയും മൂലം ജഡം കരയ്ക്കടുപ്പിക്കാൻ ഏറെ ബുദ്ധിമുട്ടി.
രണ്ട് കുട്ടിയാനകളുടെ ജഡവും ഒഴുകി വരുന്നത് കണ്ടതായി പറയുന്നുണ്ടെങ്കിലും ഇതിൽ സ്ഥിരീകരണം ഉണ്ടായിട്ടില്ലെന്ന് വനംവകുപ്പ് അധികൃതർ പറയുന്നു. ആനയുടെ ജഡം ക്രയിൻ ഉപയോഗിച്ച് കരയ്ക്ക് കയറ്റി ഫോറസ്റ്റ് വെറ്റിനറി ഡോക്ടറുടെ നേതൃത്ത്വത്തിൽ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി കുമ്മണ്ണൂർ വനത്തിനുള്ളിൽ സംസ്കരിച്ചു. കോന്നി ഡി എഫ് ഒ കെ എൻ ശ്യാം മോഹൻലാൽ, കോന്നി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ ജോജി ജയിംസ്, ദക്ഷിണ കുമരംപേരൂർ ഫോറസ്റ്റ് ഡെപ്യൂട്ടി സനോജ് എന്നിവർ സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.