കോന്നി : ദിവസങ്ങളായി പെയ്യുന്ന മഴയിൽ കോന്നിയിലെ വെള്ളചാട്ടങ്ങൾക്ക് പുതു ജീവൻ ലഭിച്ചു. മണ്ണീറ വെള്ളച്ചാട്ടം, പൂച്ചക്കുളം വെള്ളച്ചാട്ടം, രാജഗിരി വെള്ളച്ചാട്ടം,മീന്മൂട്ടി വെള്ളച്ചാട്ടം, കല്ലേലി ചെളിക്കുഴി വെള്ളചാട്ടം തുടങ്ങി വെള്ളചാട്ടങ്ങളാൽ സമ്പന്നമാണ് കോന്നി. കോന്നിയിലെ വിനോദ സഞ്ചാര മേഖലക്ക് വെള്ളച്ചാട്ടങ്ങൾ വലിയ പങ്ക് വഹിക്കുന്നുമുണ്ട്. തണ്ണിത്തോട് അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ നിന്നും കിലോമീറ്റർ മാറി സ്ഥിതി ചെയുന്ന മണ്ണീറ വെള്ള ചാട്ടത്തിൽ നിരവധി വിനോദ സഞ്ചാരികൾ ആണ് ദിവസവും എത്തുന്നത്. അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ എത്തുന്ന വിനോദ സഞ്ചാരികൾ ആണ് കൂടുതലായും മണ്ണീറ വെള്ള ചാട്ടത്തിൽ സന്ദർശനതിന് എത്തുന്നത്.
വലിയ അപകടം ഒന്നുമില്ലാത്ത വെള്ളചാട്ടത്തിൽ കുട്ടികളെ കൊണ്ട് ആണ് കുടുംബങ്ങൾ പലപ്പോഴും എത്തുന്നത്. കൂടൽ രാജഗിരി വെള്ളചാട്ടത്തിലും സന്ദർശക തിരക്ക് വർധിക്കുന്നുണ്ട്. വിദ്യാർഥികൾ അടക്കമുള്ളവർ ആണ് ഇവിടുത്തെ സ്ഥിരം സന്ദർശകർ. കല്ലേലി ചെളിക്കുഴി വെള്ളചാട്ടത്തിലും നിരവധി ആളുകൾ എത്തുന്നുണ്ട്.വിനോദ സഞ്ചാരികളോടൊപ്പം തന്നെ നിരവധി വിവാഹ ആൽബങ്ങൾ, ഹ്രസ്വ ചിത്രങ്ങൾ എന്നിവയുടെ ചിത്രീകരണവും ഈ വെള്ള ചാട്ടങ്ങളിൽ നടക്കാറുണ്ട്. അതിനാൽ തന്നെ ഫോട്ടോഗ്രാഫർമാരുടെ ഇഷ്ട ലൊക്കേഷനുകൾ ആണ് കോന്നിയിലെ വെള്ള ചാട്ടങ്ങൾ.സമൂഹ മാധ്യങ്ങൾ വഴിയും ഇവ വലിയ ജനപ്രീതി നേടുന്നുണ്ട്. എന്നാൽ പലവെള്ളചാട്ടങ്ങളും ഏറ്റെടുത്ത് സംരക്ഷിക്കാൻ അധികൃതർ തയ്യാറാകാത്തത് ഇതിന്റെ ടൂറിസം സാധ്യതക്ക് മങ്ങൽ ഏൽപ്പിക്കുന്നുമുണ്ട്.