കോന്നി : കോന്നിയുടെ പൊതു വികസനത്തിന് ചില കോൺഗ്രസ് നേതാക്കൾ ബോധപൂർവ്വമായി തടസം സൃഷ്ടിക്കുവാൻ പരിശ്രമിക്കുന്നതിൽ പ്രതിഷേധിച്ച് കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂർ പി കെ ഇന്ത്യന്‍ നാഷണൽ കോൺഗ്രസ്(ഐ)യുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്നും മറ്റ് ജില്ലാ ഭാരവാഹിത്വത്തിൽ നിന്നും രാജി വെച്ചു. രാജിക്കത്ത് കേരള പ്രദേശ് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് സമർപ്പിച്ചു.
സി.പി.ഐ യില്‍ തഴയപ്പെട്ട കോന്നിയൂര്‍ പി.കെ ഇന്ത്യന്‍ കോണ്‍ഗ്രസ്സിലൂടെയാണ് പേരെടുത്തതെന്നും സ്ഥാനമാനങ്ങള്‍ ലഭിച്ചതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചു. വിരുന്നുവന്ന് മൃഷ്ടാന്നം ഭോജനം ചെയ്തിട്ട് കോണ്‍ഗ്രസ്സിനെ തള്ളിപ്പറയുന്ന കോന്നിയൂര്‍ പി.കെക്ക് കാലം മാപ്പ് നല്‍കില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രതികരിച്ചു. അധികാരത്തിന്റെ അപ്പക്കഷണങ്ങള്‍ക്ക് പിന്നാലെ പായുമ്പോള്‍ നാട്ടിലെ സാധാരണ ജനങ്ങളെ മറന്നുകൊണ്ടാകരുത്. ജനാധിപത്യത്തിന്റെ പ്രതിഷേധം ഏറ്റുവാങ്ങുവാന്‍ കോന്നിയൂര്‍ പി.കെ ക്ക് കഴിയില്ലെന്നും കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് ശ്യാം എസ്.കോന്നി പ്രതികരിച്ചു. അടൂര്‍ പ്രകാശിന്റെ തണലില്‍ ഏറെനാള്‍ കുളിര്‍മ്മ അനുഭവിച്ച കോന്നിയൂര്‍ പി.കെ ഇപ്പോള്‍ അടൂര്‍ പ്രകാശിനെ തള്ളിപ്പറയുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ലെന്ന് കെ.പി.സി.സി അംഗം മാത്യു കുളത്തിങ്കല്‍ പ്രതികരിച്ചു.