തിരുവനന്തപുരം : കൂടത്തില്‍ ജയമാധവന്‍ നായരുടെ അസ്വാഭാവിക മരണം കൊലപാതകമെന്ന് ഇന്നലെ കണ്ടെത്തിയിരുന്നു. തലയ്ക്കേറ്റ പരുക്കാണ് ജയമാധവന്‍ നായരുടെ മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും ആന്തരാവയവങ്ങളുടെ പരിശോധനാ റിപ്പോര്‍ട്ടിലുമുണ്ടായിരുന്നത്. മുഖത്ത് രക്തം കട്ടപിടിച്ച നിലയിലായിരുന്നു.
മുറിവുകള്‍ എങ്ങനെ സംഭവിച്ചു എന്നറിയാനാണ് ഫൊറന്‍സിക് പരിശോധന നടത്തിയത്. സ്ഥലത്തുനിന്ന് രക്തക്കറ പുരണ്ട തടിക്കഷ്ണം അടക്കം ശേഖരിച്ചിരുന്നു. ജയമാധവന്‍ നായരുടെ സഹോദരന്‍ ജയപ്രകാശ് രക്തം ഛര്‍ദിച്ചാണ് മരിച്ചതെങ്കിലും പോസ്റ്റുമോര്‍ട്ടം നടത്തിയിരുന്നില്ല.
2017 ഏപ്രില്‍ 2ന് കൂടത്തില്‍ തറവാട്ടിലെത്തിയപ്പോള്‍ വീണുകിടക്കുന്ന ജയമാധവന്‍ നായരെ കാണുകയും ഓട്ടോറിക്ഷയില്‍ മെഡിക്കല്‍ കോളജിലെത്തിച്ചെന്നുമായിരുന്നു കാര്യസ്ഥനായിരുന്ന രവീന്ദ്രന്‍നായരുടെ മൊഴി.
വീട്ടുജോലിക്കാരിയായ ലീലയും കൂടെയുണ്ടായിരുന്നു. ജയമാധവന്‍ നായര്‍ മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് ഓട്ടോറിക്ഷയില്‍ ലീലയും രവീന്ദ്രന്‍നായരും കരമന സ്റ്റേഷനിലെത്തി.
മൊഴി നല്‍കാന്‍ താന്‍ ഇറങ്ങിയെന്നും ലീല ഓട്ടോയില്‍ കൂടത്തില്‍ തറവാട്ടിലേക്കു പോയെന്നുമാണ് രവീന്ദ്രന്‍ നായരുടെ മൊഴി. എന്നാല്‍ കരമന സ്റ്റേഷനില്‍ പോയില്ലെന്നും മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യാനുള്ളതിനാല്‍ തന്നോട് ഓട്ടോ വിളിച്ച് വീട്ടില്‍ പോകാന്‍ രവീന്ദ്രന്‍നായര്‍ ആവശ്യപ്പെട്ടെന്നുമാണ് ലീലയുടെ മൊഴി. ഈ മൊഴികളിലെ വൈരുധ്യം ആദ്യ അന്വേഷണസംഘം പരിശോധിച്ചില്ലെങ്കിലും രണ്ടാമത് അന്വേഷിച്ച സംഘം വിശദമായി വിലയിരുത്തി.
ജയമാധവന്‍ നായരെ ആശുപത്രിയിലേക്കു കൊണ്ടുപോയതായി ആദ്യം പറഞ്ഞ ഓട്ടോഡ്രൈവര്‍ പിന്നീട് മൊഴി മാറ്റി. ആശുപത്രിയില്‍ പോയിട്ടില്ലെന്നും 5 ലക്ഷം രൂപ രവീന്ദ്രന്‍നായര്‍ വാഗ്ദാനം ചെയ്തതു കൊണ്ടാണ് കള്ളം പറഞ്ഞതെന്നുമായിരുന്നു രണ്ടാമത്തെ മൊഴി. അടുത്ത വീട്ടിലെ ഓട്ടോ ഡ്രൈവര്‍ തന്റെ വണ്ടി രാത്രി പാര്‍ക്കു ചെയ്തിരുന്നത് കൂടത്തില്‍ തറവാട്ടിലായിരുന്നു.
ഈ ഓട്ടോ വിളിക്കാതെ മറ്റൊരു കാര്യസ്ഥനായ സഹദേവന്റെ സഹായത്തോടെ ഓട്ടോ വിളിച്ച് ജയമാധവന്‍ നായരെ മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോയതില്‍ ദുരൂഹതയുണ്ടെന്ന് കേസിലെ പരാതിക്കാരിയായ പ്രസന്നകുമാരിയമ്മയും മൊഴി നല്‍കിയിരുന്നു. ഇക്കാര്യങ്ങളും പുതിയ സംഘം പരിശോധിച്ചു.