പത്തനംതിട്ട : സംസ്ഥാന സര്‍ക്കാര്‍ വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍ സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ വളരെ ഫലപ്രദമായി നടത്തിവരുന്ന പദ്ധതികളിലൊന്നാണ് ‘കൂടെയുണ്ട് അങ്കണവാടി’ എന്ന പദ്ധതി. പേര് സൂചിപ്പിക്കുംപോലെ അങ്കണവാടികള്‍ ഗുണഭോക്താക്കളിലേക്കു നേരിട്ടെത്തുന്നു എന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത. ജില്ലയില്‍ ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, കുട്ടികള്‍, കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ തുടങ്ങി മുക്കാല്‍ ലക്ഷം ഗുണഭോക്താക്കളിലേക്ക് പദ്ധതി നേരിട്ടെത്തി.
കോവിഡ് മഹാമാരിയുടെ വ്യാപനം ഫലപ്രദമായി തടയുക എന്ന ലക്ഷ്യത്തോടെ 2020 മാര്‍ച്ച് മുതലാണ് കുടുംബങ്ങളിലേക്ക് അങ്കണവാടികള്‍ എത്തിത്തുടങ്ങിയത്. ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, ഇവരുടെ കുടുംബ അംഗങ്ങള്‍, കുട്ടികള്‍, കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ എന്നിവരുടെ ആരോഗ്യ പോഷണ ബോധവത്ക്കരണവും സ്വഭാവ പരിവര്‍ത്തനവുമാണ് ഈ പദ്ധതി വഴി ജില്ലയില്‍ സാധ്യമായത്. എല്ലാ അങ്കണവാടി പ്രവര്‍ത്തകരും ടേക് ഹോം റേഷന്‍ ഗുണഭോക്താക്കളുടെ വീടുകളില്‍ എത്തിച്ചു കൊടുക്കുകയും ഫോണിലൂടെ അങ്കണവാടി പ്രവര്‍ത്തകര്‍ കോവിഡ് സംബന്ധമായ അറിയിപ്പുകള്‍, വിവര ശേഖരണം, ഗര്‍ഭകാല പരിചരണം, കരുതലോടെ മുലയൂട്ടാം, നവജാത ശിശു പരിചരണം തുടങ്ങിയ വിഷയങ്ങളിലെ സംശയ നിവാരണം, പരാമര്‍ശ സേവനങ്ങള്‍ എന്നിവ അവരവരുടെ അങ്കണവാടി പ്രദേശങ്ങളിലൂടെ അങ്കണവാടി വര്‍ക്കേഴ്സ് ജനങ്ങളില്‍ എത്തിക്കുകയും ചെയ്തു.
കോവിഡ് മഹാമാരിയുടെ വ്യാപനം ഫലപ്രദമായി തടയുന്നതിന് രാജ്യമെങ്ങും ലോക്ക്ഡൗണിലായിരുന്ന സാഹചര്യത്തിലും സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഏതു പ്രതികൂല സാഹചര്യങ്ങളിലും അങ്കണവാടികള്‍ ഗുണഭോക്താക്കള്‍ക്ക് ഒപ്പമുണ്ട് എന്ന വിശ്വാസം സൃഷ്ടിക്കാന്‍ ഈ പദ്ധതിയിലൂടെ കഴിഞ്ഞു. വയോജനങ്ങളുടെ സുഖവിവരങ്ങള്‍ അന്വേഷിക്കുന്നതിനൊപ്പം മരുന്നുകളുടെയും, ഭക്ഷ്യ സാധനങ്ങളുടെയും ലഭ്യത ഉറപ്പു വരുത്തുകയും ഒറ്റയ്ക്ക് താമസിക്കുന്ന വയോജനങ്ങളുടെ വിവരങ്ങള്‍ ശേഖരിച്ച് അവരുടെ ഒറ്റപ്പെടല്‍ ഒഴിവാക്കുന്നതിന് സര്‍ക്കാര്‍ സംവിധാനങ്ങളുമായി ഏകോപിപ്പിച്ചു സഹായങ്ങള്‍ ഉറപ്പുവരുത്തുകയും ചെയ്തു.
മാര്‍ച്ച്, മേയ് ജൂണ്‍ മാസങ്ങളില്‍ സാമൂഹിക അധിഷ്ഠിത പരിപാടി അങ്കണവാടി വര്‍ക്കര്‍മാര്‍ ഓണ്‍ലൈന്‍ ആയി നടത്തിയതില്‍ 16,745 ഗര്‍ഭിണികള്‍ക്കും 24,632 മുലയൂട്ടുന്നവര്‍ക്കും ജില്ലയില്‍ സേവനം ലഭിച്ചു. ജൂലൈയില്‍ ‘കൂടെയുണ്ട് അങ്കണവാടികള്‍’ എന്ന പേരില്‍ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും പ്രജനന ലൈംഗിക ആരോഗ്യം അവകാശങ്ങള്‍ എന്നിവയെക്കുറിച്ചും കൂടുതല്‍ ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടെ ഫോണിലൂടെ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ‘കുടുംബങ്ങളിലേക്ക് അങ്കണവാടി’ എന്ന പേരില്‍ ജില്ലയില്‍ ആഗസ്റ്റില്‍ ‘വളര്‍ച്ച നിരീക്ഷണം’ എന്ന പേരില്‍ സാമൂഹിക അധിഷ്ഠിത പരിപാടി അങ്കണവാടി വര്‍ക്കര്‍മാര്‍ ഓണ്‍ലൈന്‍ ആയി നടത്തി. ഇതിലൂടെ 1245 പ്രീ സ്‌കൂള്‍ കുട്ടികള്‍ക്കും ജില്ലയില്‍ സേവനം ലഭിച്ചു. ലോക ശൗചാലയ ദിനത്തോടനുബന്ധിച്ച് നവംബറില്‍ നിര്‍മല്‍ സംഗമം എന്ന പേരില്‍ സാമൂഹിക അധിഷ്ഠിത പരിപാടി എല്ലാ അങ്കണവാടി വര്‍ക്കര്‍മാരും ഓണ്‍ലൈന്‍ ആയി നടത്തി. ഇതിലൂടെ 3637 ഗര്‍ഭിണികള്‍ക്കും 3781 മുലയൂട്ടുന്ന അമ്മമാര്‍ക്കും 3710 കൗമാര പ്രായക്കാര്‍ക്കും ജില്ലയില്‍ സേവനം ലഭിച്ചു.
2020 ഡിസംബര്‍ മുതല്‍ കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ച് 10ല്‍ കൂടുതല്‍ ആളുകള്‍ കൂടാതെ അങ്കണവാടികളില്‍ സാമൂഹിക അധിഷ്ഠിത പരിപാടികള്‍ നടത്തിവരുന്നു. കന്റെന്‍മെന്റ് സോണുകളില്‍ ആയി സാമൂഹിക അധിഷ്ഠിത പരിപാടികള്‍ നടത്തി വരുന്നു. ഡിസംബറില്‍ ജില്ലയില്‍ 8461 ഗര്‍ഭിണികള്‍ക്കും 9279 മുലയൂട്ടുന്ന അമ്മമാര്‍ക്കും 2500 കൗമാര പ്രായക്കാര്‍ക്കും ജില്ലയില്‍ സേവനം ലഭിച്ചു.