മല്ലപ്പള്ളി: കോട്ടാങ്ങൽ പഞ്ചായത്തിൽ കുറുനരി ആക്രമണത്തിന് പിന്നാലെ മനുഷ്യരെയും മൃഗങ്ങളെയും തെരുവ് നായ്ക്കളും ആക്രമിക്കുന്നു. കഴിഞ്ഞ ദിവസം കുളത്തൂർ ചരളേൽ ശ്രീധര(76)നെ വീട്ടിൽ കയറി നായ കടിച്ചു. വഴിയിലൂടെ അലഞ്ഞ് തിരിഞ്ഞ് എത്തിയ നായയാണെന്ന് വീട്ടുകാർ പറയുന്നു. ഇദ്ദേഹത്തെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ എത്തിച്ച് വാക്സിനേഷൻ നൽകി. പരിചരിച്ച ആളടക്കം നിരീക്ഷണത്തിലാണ്. അടുത്തുള്ള മൈലേട്ട് വീട്ടിലെ പശുവിനെ ഞായറാഴ്ച വൈകീട്ട് നായ ആക്രമിച്ചു. ഇതിന്റെ മുഖത്ത് മാന്തിയിട്ടുമുണ്ട്.
മേയ് 19-ന് ആദ്യ സംഭവത്തിൽ എട്ട് പേർക്ക് കടിയേറ്റിരുന്നു. ഇവരെ പരിചരിച്ച ഏഴ് പേരടക്കം 15 പേർ വാക്സിൻ എടുക്കേണ്ടിവന്നു. വഴിയിൽ കണ്ടവരെയെല്ലാം കടിച്ച കുറുനരിയെ പിന്നീട് ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. തിരുവനന്തപുരത്ത് നടത്തിയ പരിശോധനയിൽ പേവിഷ ബാധ സ്ഥിരീകരിച്ചിരുന്നു.
മേയ് 23 രാവിലെ അഞ്ചരയോടെയാണ് രണ്ടാമത്തെ കുറുനരിയെ കണ്ടത്. കോട്ടാങ്ങൽ കവലയിൽ ചത്തു കിടന്ന ഇതിനും പേവിഷബാധ ഉണ്ടായിരുന്നു. നിരവധി തെരുവ് നായ്ക്കളെ ഇത് ആക്രമിച്ചിരുന്നതായി നാട്ടുകാർ പറയുന്നു.
തെരുവ് നായ്ക്കൾക്ക് പേവിഷ പ്രതിരോധ കുത്തിവെയ്‌പ്പെടുക്കാൻ എം.എൽ.എ.യുടെ അധ്യക്ഷതയിൽ മെയ് 27 -ന് ചേർന്ന യോഗം തീരുമാനിച്ചിരുന്നു. 30 മുതൽ ജൂൺ ഒന്ന് വരെ ചുങ്കപ്പാറ, കോട്ടാങ്ങൽ, വായ്പൂര്, പാടിമൺ എന്നിവിടങ്ങളിൽ പ്രത്യേക സംഘം നാട്ടിലിറങ്ങി വാക്സിനേഷൻ നടത്തിയിരുന്നു. വലയിട്ട് നായ്ക്കളെപ്പിടിച്ച് കുത്തിവച്ചശേഷം തിരിച്ചറിയാൻ പുറത്ത് നിറം അടിച്ച് വിട്ടയക്കുന്നതാണ് പദ്ധതി. മൃഗസംരക്ഷണ വകുപ്പിനാണ് ഇതിന്റെ മേൽനോട്ടം. ഒന്നിന് 500 രൂപയാണ് പ്രതിഫലം. എന്നാൽ മൂന്ന് ദിവസം കൊണ്ട് എത്രയെണ്ണത്തിനെ കുത്തിവച്ചുവെന്നതിന്റെ കൃത്യമായ കണക്ക് ലഭിച്ചിട്ടില്ലെന്നാണ് കോട്ടാങ്ങൽ വെറ്ററിനറി സർജനും പഞ്ചായത്ത് സെക്രട്ടറിയും പറയുന്നത്.