കോട്ടാങ്ങൽ : കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിനായി കോട്ടാങ്ങൽ പഞ്ചായത്ത് നൈർമല്യം പദ്ധതി തുടങ്ങുന്നു. കോട്ടാങ്ങൽ കുടുബാരോഗ്യകേന്ദ്രത്തിന്റെ ആഭിമുഖൃത്തിൽ കുടുംബശ്രീ സി.ഡി.എസിന്റെ സഹകരണത്തോടെയാണ് നടപ്പാക്കുക. ഡിസംബർ 12-ന് ഗ്രാമപ്പഞ്ചായത്തിലെ നാലായിരത്തോളം വരുന്ന മുഴുവൻ കുടിവെള്ള കിണറുകളും ക്ലോറിനേറ്റ് ചെയ്യുന്നതിനാണ് തീരുമാനം. ഗൂഗിൾ ഫോം വഴി ക്ലോറിനേഷൻ വിവരങ്ങൾ കിണറിന്റെ ഫോട്ടോ ഉൾപ്പെടെ ശേഖരിക്കും. എല്ലാവാർഡുകളിൽ നിന്നും ഓരോ കുടുംബശ്രീയിൽ നിന്നും മൂന്നുപേർക്ക് വീതം പരിശീലനം നല്കി.
അതിൽനിന്നും താത്പര്യം ഉള്ളവരെ തിരഞ്ഞെടുത്ത് ആശാ പ്രവർത്തകർക്കൊപ്പം അതത് പ്രദേശത്തെ കിണറുകൾ ക്ലോറിനേഷൻ നടത്തുന്നതിനും വെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പു വരുത്തുന്നതിനും നിയോഗിക്കും. സംസ്ഥാനത്തു തന്നെ ആദ്യമായാണ് ഇത്തരം ഒരു പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപ് ബി.പിള്ള പറഞ്ഞു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബിനു ജോസഫ് അധ്യക്ഷനായ പ്രൊജക്ട് മാനേജ്‌മെന്റ് കമ്മിറ്റി പദ്ധതിക്കായുണ്ട്. മെഡിക്കൽ ഓഫീസർ ഡോ. എഫ്.സിമി, സി.സി.എസ് അധ്യക്ഷ സിന്ധു സാംകുട്ടി , ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ദീപ്തി ദാമോദരൻ, ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപ് ബി.പിള്ള എന്നിവർ മേൽനോട്ടം വഹിക്കും. ആദ്യ പരിശീലനത്തിൽ മുൻ ടെക്നിക്കൽ അസിസ്റ്റന്റ് എം.ജയചന്ദ്രൻ, ജില്ലാ സോഷ്യൽ ഇമ്പാക്ട് അസസ്‌മെന്റ് സ്റ്റഡി കമ്മിറ്റി മെമ്പർ ഡോ. കെ.എസ്. ബിനു, ജൂനിയർ എച്ച്.ഐ.ദീപ്തി, ജൂനിയർ പബ്ലിക്ക് ഹെൽത്ത് നഴ്സ് ശോഭനാ കുമാരി, എം.എൽ.എസ്. പി.സുമിതാ മോഹൻ എന്നിവർ ക്ലാസ് എടുത്തു.