കൊച്ചി: കോതമംഗലം ചെറിയ പള്ളിക്ക് മുമ്പില്‍ യാക്കോബായ വിഭാഗം നിരാഹാര സമരം തുടങ്ങി. ജില്ലാ ഭരണകൂടം പള്ളി ഏറ്റെടുക്കാനുള്ള സാധ്യത മുന്‍നിര്‍ത്തിയാണ് പ്രതിഷേധം. അതേസമയം കോതമംഗലം മാര്‍ത്തോമ്മാ ചെറിയ പള്ളി സര്‍ക്കാര്‍ ഏറ്റെടുക്കുന്നതില്‍ ഇന്ന് തീരുമാനമുണ്ടായേക്കും. പള്ളി ഏറ്റെടുക്കുന്നതില്‍ കാലതാമസം വരുത്തിയതിന് ജില്ലാ ഭരണകൂടത്തെ ഇന്നലെ ഹൈക്കോടതി അതിരൂക്ഷമായാണ് വിമര്‍ശിച്ചത്. എന്നാല്‍ നടപടികളെ വിശ്വാസികളുടെ പിന്തുണയോടെ ശക്തമായി പ്രതിരോധിക്കുമെന്ന് യാക്കോബായ സഭാ നേതൃത്വം വ്യക്തമാക്കി.
പള്ളി ഓര്‍ത്തഡോക്സ് വിഭാഗത്തിന് വിട്ടു കൊടുക്കില്ലെന്ന് വികാരി ഫാ ജോസ് പരുത്തുവയലില്‍ പറഞ്ഞു. പള്ളി ഏറ്റെടുക്കാന്‍ ശ്രമിച്ചാല്‍ വിശ്വാസികള്‍ തടയും. കേന്ദ്രസേനയെ ഇറക്കി ബലപ്രയോഗത്തിനാണ് ശ്രമം നടക്കുന്നത്. സമാധാന ചര്‍ച്ച നടക്കുമ്പോഴും പള്ളി പിടിക്കാനാണ് ഓര്‍ത്തഡോക്സ് വിഭാഗത്തിന്റെ ശ്രമമെന്നും ഫാ. ജോസ് പരുത്തുവയലില്‍ പറഞ്ഞു. മതമൈത്രി സംരക്ഷണ സമിതി നാളെ കോതമംഗലം ടൗണില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട് ജില്ലാ ഭരണകുടം ഇന്ന് തന്നെ പള്ളി ഏറ്റെടുത്തേക്കുമെന്ന സൂചനയെ തുടര്‍ന്ന്‍ കോതമംഗലം ചെറിയ പള്ളിയില്‍ ഇന്നലെ രാത്രി മുതല്‍ യാക്കോബായ സഭാ വിശ്വാസികള്‍ തുടരുകയായിരുന്നു.