കോതമംഗലം: കോതമംഗലം പള്ളിത്തര്‍ക്കം പരിഹരിക്കുന്നതിന് മൂന്നുമാസത്തെ സമയം കൂടി വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി ആഭ്യന്തര സെക്രട്ടറി ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. കേസില്‍ ഹൈക്കോടതി വിധി പറയാനിരിക്കെയാണ് സംസ്ഥാന സര്‍ക്കാരിന്റെ നീക്കം.
പള്ളിത്തര്‍ക്കത്തില്‍ ഇരുവിഭാഗമായും സര്‍ക്കാര്‍ ചര്‍ച്ചകള്‍ തുടരുകയാണ്. ചര്‍ച്ചയില്‍ തീരുമാനമാകുംവരെ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാന്‍ സമ്മര്‍ദ്ദം ചെലുത്തില്ലെന്ന് ഇരുവിഭാഗവും തമ്മില്‍ ധാരണയുണ്ട്. ബലമായോ കോടതി ഉത്തരവിന്റെ ബലത്തിലോ പള്ളി പിടിച്ചെടുക്കില്ലെന്നും തീരുമാനമുണ്ട്. ചര്‍ച്ചകള്‍ കഴിയും വരെ നിലവിലെ അവസ്ഥ തുടരണം. പള്ളി പിടിച്ചെടുക്കാന്‍ കോടതി നിര്‍ദേശിച്ചാല്‍ നിലവിലെ ധാരണകള്‍ പൊളിയുമെന്നും സമാധാനാന്തരീക്ഷം തകരുമെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. മുഖ്യമന്ത്രിയുടെ മേല്‍നോട്ടത്തിലാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നതെന്നും സുപ്രീംകോടതി ഉത്തരവ് നടപ്പിലാക്കാന്‍ തത്കാലം നിര്‍ബന്ധിക്കരുതെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
നേരത്തെ കേസ് പരിഗണിക്കവേ സര്‍ക്കാരിനെതിരേ ഹൈക്കോടതി അതിരൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. ജില്ലാ കളക്ടര്‍ ആ സ്ഥാനത്തിരിക്കാന്‍ അര്‍ഹനല്ലെന്നും പള്ളി ഏറ്റെടുക്കണമെന്ന കോടതി ഉത്തരവ് ഒരു വര്‍ഷമായിട്ടും നടപ്പാക്കാത്തത് രാഷ്ട്രീയ സ്വാധീനത്താല്‍ ആണെന്ന് സംശയിക്കുന്നതായും കോടതി പറയുകയുണ്ടായി. ഇതിനിടെ പള്ളി ഏറ്റെടുക്കുന്നതിനായി കേന്ദ്ര സേനയെ വിന്യസിക്കാന്‍ തയാറാണെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.