കോട്ടാങ്ങല്‍ : ഇന്നലെ കുളത്തൂർ കരക്കാരുടെ വലിയ പടയണി നടത്തിയൊഴിഞ്ഞ കളത്തില്‍ ഇന്ന് കോട്ടാങ്ങല്‍ കരയുടെ വലിയപടയണി നടക്കും. തിരു മുൻപിൽ വേലയും മറ്റു പടയണി ചടങ്ങുകളും കരക്കാരുടെ സാന്നിധ്യത്തിൽ കൊണ്ടാടിയതിന് ശേഷം ആചാരപരമായിട്ടാണ് കോട്ടാങ്ങൽ കരക്കാർ പടയണി ഏറ്റെടുത്തത്. ചരിത്ര പ്രസിദ്ധമായ കോട്ടങ്ങൽ ശ്രീ മഹാ ഭദ്രകാളി ക്ഷേത്രത്തിലെ കോട്ടാങ്ങൽ കരയുടെ വലിയ പടയണിയാണ് ഇന്ന് രാത്രി നടക്കുന്നത്.
വൈകീട്ട് മഠത്തിൽ വേല നടക്കും . ദേവി, മഠത്തിൽ എഴുന്നള്ളി വേല കളി കാണുന്നു എന്നതിനാൽ വലിയ സവിശേഷ പ്രാധാന്യമാണ് ഇതിനുള്ളത്. കിഴക്കേ നടയിൽ തിരു മുൻപിൽ വേല, പറ എന്നിവയും നടക്കും. വലിയ പടയണി നാളുകളിൽ ദേവി തിരു മുഖം അണിഞ്ഞു സർവ ആഭരണ വിഭൂഷിത ആയി ഭക്തർക്കു അനുഗ്രഹമേകുന്നു. രാത്രി പന്ത്രണ്ടു മണിയോടെ വലിയ പടയണി ആരംഭിക്കും. പ്രകൃതി ദത്തമായ വർണ്ണങ്ങൾ ഉപയോഗിച്ച് 101 പച്ച പാളകളിൽ ദേവീ രൂപം എഴുതി തുള്ളുന്ന 101 പാള ഭൈരവി കോലം വലിയ പടയണി നാളിൽ എത്തുമ്പോൾ കരക്കാർ ആത്മനിർവൃതിയിൽ ആറാടുന്നു.
തുടർന്ന് 64,32,16 പാള ഭൈരവികൾ , യക്ഷി, അരക്കി യക്ഷി, മറുത, കൂട്ട മറുത, പക്ഷി, കാലൻ എന്നീ കോലങ്ങളും വിനോദങ്ങളും കളത്തിൽ എത്തുന്നു. പുലയൻ പുറപ്പാട്, അന്തോണി, പരദേശി തുടങ്ങിയ വിനോദങ്ങൾ നിലവിൽ ഉണ്ടായിരുന്ന സാമൂഹിക ക്രമത്തെ ആരോഗ്യപരമായി അവതരിപ്പിക്കുന്നു. ബാല പീഡകളിൽ നിന്നുള്ള മോചനത്തിനു പക്ഷി കോലം ഉത്തമം എന്ന് വിശ്വസിക്കപെടുന്നു. മാർകണ്ഡേയ ചരിതം ആണ് കാലൻ കോലത്തിന്റെ ഇതി വൃത്തം. മൃത്യു ഭീതിയിൽ നിന്നും മോചനം നേടാൻ കരക്കാർ കാലൻ കോലം വഴിപാട് കഴിക്കുന്നു. തുടർന്ന് മംഗള ഭൈരവി കളത്തിൽ എത്തും.
സകല തെറ്റുകളും പൊറുത്തു അനുഗ്രഹമേകണം എന്ന പ്രാർത്ഥനയോടെ വലിയ പടയണി സമാപിക്കുന്നു.
“കാലം തോറും പടയണിയെന്നൊരു ”
“ലീല ദേവി പ്രസാദത്തിനുണ്ടാക്കി ” എന്ന പടയണി പാട്ടിലെ വരികൾ അന്വർത്തമാക്കി, ദേവിയുടെ പ്രീതി തേടി, സമർപ്പണ ഭാവത്തോടെ ആണ് കരക്കാർ പടയണി അവതരിപ്പിച്ചു മടങ്ങുന്നത്. തുടർന്ന് നാളെ ഭരണി നാളിൽ ഇരുകരക്കാരും പുലവൃത്തം തുള്ളി മത്സരപടയണിക്കു ശുഭാന്ത്യം കുറിക്കും.