കൊച്ചി: വനിതാ ഡോക്ടറെ കുത്തിക്കൊന്ന സംഭവത്തില്‍ പോലീസിന്റെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായെന്ന വ്യാപക വിമര്‍ശനത്തിനിടെ വിശദീകരണവുമായി എഡിജിപി എംആര്‍ അജിത് കുമാര്‍. പ്രതി സന്ദീപിനെ ആശുപത്രിയില്‍ എത്തിച്ചത് പരാതിക്കാരനെന്ന നിലയിലായിരുന്നുവെന്നും ആ സമയത്ത് ഇയാള്‍ അക്രമാസക്തനായിരുന്നില്ലെന്നുമാണ് പോലീസിന്റെ വിശദീകരണം. തന്നെ ആക്രമിക്കുന്നുവെന്ന് ഇയാള്‍ തന്നെയാണ് കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ച് പറഞ്ഞത്. ഇതനുസരിച്ചാണ് പോലീസ് സ്ഥലത്തെത്തിയത്. പരിക്കേറ്റ നിലയിലായിരുന്നുവെന്നതിനാലാണ് ആശുപത്രിയിലേക്ക് എത്തിച്ചതെന്നും എഡിജിപി എംആര്‍ അജിത് കുമാര്‍ വ്യക്തമാക്കി.
അക്രമാസക്തനായ ഒരാളെ വിലങ്ങ് അണിയിക്കാതെ പോലീസ് ആശുപത്രിയിലെത്തിച്ചതാണ് ഡോക്ടറുടെ മരണമടക്കമുള്ള ദാരുണ സംഭവത്തിലേക്ക് നയിച്ചതെന്ന വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണ് പോലീസിന്റെ വിശദീകരണം. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം നടന്നത്. കോട്ടയം സ്വദേശിനിയായ ഡോക്ടര്‍ വന്ദന ദാസാണ് കൊല്ലപ്പെട്ടത്. ലഹരിക്കടിമയായ പ്രതി യാതൊരു പ്രകോപനവുമില്ലാതെ ഡോക്ടറെ ആക്രമിക്കുകയായിരുന്നു. പ്രതി അക്രമാസക്തനാകുന്നതുകണ്ട് ഭയന്ന ഡോക്ടര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ ചവിട്ടി വീഴ്ത്തുകയായിരുന്നു. തുടര്‍ന്ന് ഡോക്ടറുടെ കഴുത്തിലും നെഞ്ചിലും പിന്‍ഭാഗത്തുമായി കുത്തി. ഗുരുതരമായി പരുക്കേറ്റ വന്ദനയെ തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും എട്ടരയോടെ മരണം സംഭവിക്കുകയായിരുന്നു.