കോട്ടയം : സെഫിക്കും തോമസ് കോട്ടൂരിനും എതിരായ ആരോപണങ്ങള്‍ അവിശ്വസനീയമാണെന്ന് കോട്ടയം അതിരൂപത. അതേസമയം കോടതിയെ മാനിക്കുന്നുവെന്നും അതിരൂപത ഇറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.
“സിസ്റ്റര്‍ അഭയ മരിച്ച സംഭവം ദുഃഖകരവും നിര്‍ഭാഗ്യകരവുമായിരുന്നു. അതിരൂപതാംഗങ്ങളായ ഫാ തോമസ് കോട്ടൂരിനും സിസ്റ്റര്‍ സെഫിക്കും എതിരായ ആരോപണങ്ങള്‍ അവിശ്വസനീയമാണ്. എങ്കിലും കോടതി വിധിയെ അതിരൂപത മാനിക്കുന്നു.
വിധിക്കെതിരേ അപ്പീല്‍ നല്‍കാനും നിരപരാധിത്വം തെളിയിക്കാനും പ്രതികള്‍ക്ക് അവകാശമുണ്ട്. എങ്കിലും ഇത്തരം ഒരു സാഹചര്യം ഉണ്ടായതില്‍ അതിരൂപത ദുഃഖിക്കുകയും ഖേദിക്കുകയും ചെയ്യുന്നു” എന്നാണ് പത്രക്കുറിപ്പിൽ അതിരൂപത അറിയിച്ചിരിക്കുന്നത്. കോട്ടയം അതിരൂപതാംഗമായിരുന്നു കൊല്ലപ്പെട്ട സിസ്റ്റര്‍ അഭയ. ഫാ. തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവരാണ് കൊലയ്ക്ക് ഉത്തരവാദികളെന്ന് തെളിഞ്ഞതിന്‍റെ അടിസ്ഥാനത്തില്‍ കോടതി ഇരുവര്‍ക്കും ജീവപര്യന്തം തടവ് ശിക്ഷയാണ് വിധിച്ചത്.