കോട്ടയം: കോട്ടയം-ചിങ്ങവനം പാതയില്‍ റെയില്‍വേ ടണലിന് സമീപം മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്ന് കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതം നിര്‍ത്തി വെച്ചിരിക്കുകയാണ്. ഇന്ന് രാവിലെയോടെയാണ് തുരങ്കത്തിന്റെ കോട്ടയം-തിരുവനന്തപുരം സഞ്ചാരദിശയില്‍ മണ്ണ് ഇടിഞ്ഞു വീണത്. കൊവിഡ് മൂലം തീവണ്ടി സര്‍വ്വീസുകള്‍ കുറവായതിനാല്‍ വലിയ ദുരന്തം ഒഴിവായി.
കോട്ടയം നഗരസഭയിലെ 49-ാം വാര്‍ഡിലെ ചുങ്കം പഴയ സെമിനാരി മീനച്ചില്‍ റിവര്‍ റോഡ് കനത്ത മഴയെ തുടര്‍ന്ന് പകുതിയോളം ഇടിഞ്ഞു താണു. മീനച്ചിലാറിന്റെ തീരത്തിലൂടെയുള്ള റോഡാണിത്. 11കെവി വൈദ്യുതി ലൈന്‍ അടക്കം ഈ വഴി കടന്നു പോകുന്നുണ്ട്. റോഡിന് താഴെ താമസിക്കുന്ന 20 ഓളം വീട്ടുകാര്‍ ആശങ്കയിലാണ്.
ചുങ്കത്ത് തന്നെ വന്‍മരം കടപുഴകി വീണത്തോടെ ഗതാഗതവും തടസ്സപ്പെട്ടു. ചുങ്കം കവലയില്‍ പൊതുമരാമത്ത് വകുപ്പും നഗരസഭയും ചേര്‍ന്ന് വെട്ടിമാറ്റിയ മരത്തിനോട് ചേര്‍ന്ന് നിന്ന വന്‍മരമാണ് ഇന്ന് പുലര്‍ച്ചെ നാല് മണിയോടു കൂടി നിലം പൊത്തിയത്. പകല്‍ ഏതു സമയവും തിരക്കേറിയ ജംഗ്ഷനാണിത്. വൈക്കത്തിനടുത്ത് ചെമ്പില്‍ കനത്ത മഴയെ തുടര്‍ന്ന് വീടുകളിലേക്ക് വെള്ളം കയറുന്നുണ്ട്.
എറണാകുളം ജില്ലയിലും മഴ ശക്തമായി തുടരുകയാണ്. കൊച്ചി നഗരത്തിലും തീരദേശ മേഖലയിലും ശക്തമായ മഴ ലഭിച്ചു. എം ജി റോഡ്, ചിറ്റൂര്‍ റോഡ്, പി ആന്‍ഡ് ഡി കോളനി, കമ്മാട്ടിപ്പാടം എന്നിവടങ്ങളില്‍ വെള്ളക്കെട്ടുണ്ടായി. കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡിലും വെള്ളം കയറി.