കോട്ടയം : തുടർച്ചയായ രണ്ടാം ദിനവും പ്രതിദിന കോവിഡ് കേസുകൾ മൂവായിരത്തിന് അടുത്ത്. ഇന്നലെ 2917 പേർ കൂടി കോവിഡ് പോസിറ്റീവായി. ടെസ്റ്റ് പോസിറ്റിവിറ്റി 27.14 ശതമാനമാണ്. പരിശോധിക്കുന്ന നാലിൽ ഒരാൾ ജില്ലയിൽ പോസിറ്റീവ് ആകുന്നു. ഇന്നലെ കോവിഡ് ബാധിച്ചതിൽ 3 ആരോഗ്യ പ്രവർത്തകരുമുണ്ട്. ഇന്നലെ 10747 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. 15618 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. കോട്ടയം നഗരസഭ- 396, കാഞ്ഞിരപ്പള്ളി – 126, പാമ്പാടി – 82, രാമപുരം – 73, മുണ്ടക്കയം- 72 എന്നീ തദ്ദേശ സ്ഥാപനങ്ങളിലാണ് ഇന്നലെ ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്.
കോവിഡ് കൂടുതൽ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിൽ കിറ്റുകളുടെ അഭാവം മൂലം ആന്റിജൻ, ആർടിപിസിആർ പരിശോധനകൾ പ്രതിസന്ധിയിലാണ്. പാമ്പാടി, കൂരോപ്പട മേഖലകളിൽ പരിശോധന നിലച്ചതു ജനങ്ങളെ ആശങ്കയിലാക്കി. അധിക നിയന്ത്രണം തുടരുന്നതിനാൽ ഇവിടെ നിന്നു സ്വകാര്യ ലാബുകളിലെത്തി പരിശോധന നടത്താനുള്ള സാഹചര്യമില്ല. നേരത്തേ മൊബൈൽ ലാബുകൾ പ്രവർത്തിച്ച സ്ഥലങ്ങളിൽപോലും കിറ്റുകളുടെ കുറവ് മൂലം പരിശോധന നടത്താൻ സാധിക്കുന്നില്ല.
വിതരണ നിരക്ക് കുറവാണെങ്കിലും വിതരണത്തിനും ബുക്കിങ്ങിനും പൊതുസ്വഭാവം വന്നതോടെ ജില്ലയിൽ വാക്സീൻ വിതരണം ട്രാക്കിലായി. വൈകിട്ട് 3 മുതലാണ് ബുക്കിങ് എന്നു ജില്ലാ കളക്ടർ അറിയിച്ചതോടെ ഈ സമയത്ത് ഓൺലൈൻ വഴി ബുക്ക് ചെയ്തവർക്ക് ഇന്നലെ വാക്സീൻ സെന്ററുകൾ ലഭിച്ചു. കോട്ടയം ജില്ലയിൽ മാത്രമാണ് ഇങ്ങനെ ബുക്കിങ് സമയം പ്രസിദ്ധീകരിച്ചത്. ശരാശരി 8000 ഡോസ് വാക്സീനാണ് ജില്ലയിൽ വിതരണം ചെയ്യുന്നത്. സംസ്ഥാന ആരോഗ്യ വകുപ്പിൽ നിന്നു കൂടുതൽ വാക്സീൻ ലഭിച്ചാൽ മാത്രമാണ് ജില്ലയിൽ വാക്സീൻ വിതരണ നിരക്ക് ഉയർത്താൻ സാധിക്കൂ.
രോഗികളുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഗണ്യമായി ഉയരുന്നത് കോട്ടയം ജില്ലയിൽ ആശങ്കാജനകമായ സാഹചര്യം സൃഷ്ടിച്ചിട്ടുണ്ട്. 71 പഞ്ചായത്തുകളും ആറു മുനിസിപ്പാലിറ്റികളുമുള്ള കോട്ടയത്ത് 58 തദ്ദേശ സ്ഥാപനങ്ങളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20നു മുകളിലാണ്. ഇതിൽത്തന്നെ ഒരു പഞ്ചായത്തിൽ അൻപതിനു മുകളിലും അഞ്ചിടത്ത് നാൽപതിനും അൻപതിനും ഇടയിലുമാണ്. കോട്ടയത്ത് കൂടുതൽ കർക്കശമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി.