കോട്ടയം : കോട്ടയം ജില്ലയിലെ ആറ് നഗരസഭകളില്‍ നാലിലും ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷമില്ല. എല്‍ഡിഎഫ് പിടിച്ചെടുത്ത പാലാ നഗരസഭയും യുഡിഎഫിന് ആധിപത്യമുള്ള ഈരാറ്റുപേട്ട നഗരസഭയും മാറ്റി നിര്‍ത്തിയാല്‍ മറ്റ് നഗരസഭകളില്‍ ഭരണത്തിലേറാന്‍ മുന്നണികള്‍ക്ക് സ്വതന്ത്രരുടെ സഹായം തേടേണ്ടി വരും. ആകെ ആറ് നഗരസഭകളാണ് കോട്ടയം ജില്ലയിലുള്ളത്. ചരിത്രത്തില്‍ ആദ്യമായി പാലാ നഗരസഭ കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗത്തിന്റെ സഹായത്തോടെ എല്‍ഡിഎഫ് പിടിച്ചെടുത്തു. കക്ഷിനില എല്‍ഡിഎഫ് -17, യുഡിഎഫ് -8, ഒരു സ്വതന്ത്രന്‍ എന്ന നിലയിലാണ്. വൈക്കം നഗരസഭയില്‍ കേവല ഭൂരിപക്ഷത്തിന് വേണ്ടത് 14 സീറ്റാണ്. ഇവിടുത്തെ കക്ഷിനില യുഡിഎഫ് -11, എല്‍ഡിഎഫ് -9, എന്‍ഡിഎ -4, സ്വതന്ത്രര്‍ -2 എന്നിങ്ങനെയാണ്. വിജയിച്ച രണ്ടു സ്വതന്ത്രരും എല്‍ഡിഎഫ് വിമതന്മാരാണ്. വിമതരെ കൂട്ടു പിടിച്ച് യുഡിഎഫ് ഭരണം പിടിച്ചേക്കും.
ചങ്ങനാശേരി നഗരസഭയിലും സ്ഥിതി വ്യത്യസ്തമല്ല. കേവല ഭൂരിപക്ഷത്തിന് വേണ്ടത് 19 സീറ്റാണ്. നിലവിലെ സീറ്റനില യുഡിഎഫ് -15, എല്‍ഡിഎഫ് -16, എന്‍ഡിഎ -3, സ്വതന്ത്രര്‍ -3 എന്നിങ്ങനെയാണ്. സ്വതന്ത്രരില്‍ ഒരാള്‍ യുഡിഎഫ് വിമതനാണ്. രണ്ടു പേര്‍ നിഷ്പക്ഷര്‍. ഇവരുടെ നിലപാടുകള്‍ മുന്നണികള്‍ക്ക് നിര്‍ണായകമാകും.
ഏറ്റുമാനൂര്‍ നഗരസഭയിലും ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ല. യുഡിഎഫ് 13, എല്‍ഡിഎഫ് -12, എന്‍ഡിഎ -7, സ്വതന്ത്രര്‍ -3 എന്നതാണ് നില. ജയിച്ച സ്വതന്ത്രരില്‍ രണ്ടുപേരില്‍ ഒരാള്‍ കഴിഞ്ഞ തവണ എല്‍ഡിഎഫ് ടിക്കറ്റില്‍ ജയിച്ച വ്യക്തിയാണ്. മറ്റൊരാള്‍ ഏറ്റുമാനൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ എല്‍ഡിഎഫ് ടിക്കറ്റില്‍ മത്സരിച്ച വ്യക്തിയുമാണ്. മൂന്നുപേരും ആരെ തുണക്കുമെന്നത് ഇവിടെയും നിര്‍ണായകമാകും.
ഈരാറ്റുപേട്ട നഗരസഭയില്‍ യുഡിഎഫ് ഭരണം ഉറപ്പിച്ചു. യുഡിഎഫ് നേടിയ 14 സീറ്റില്‍ രണ്ട് വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളും ഉള്‍പ്പെടും. ഇവിടെ എല്‍ഡിഎഫ് – 9, എസ്ഡിപിഐ -4, ഒരു എസ്ഡിപിഐ സ്വാതന്ത്രനും വിജയിച്ചു. ഇഞ്ചോടിച്ചു പോരാട്ടം നടന്ന കോട്ടയം നഗരസഭയില്‍ എല്‍ഡിഎഫ് 22, യുഡിഎഫ് – 21, എന്‍ഡിഎ- 8 എന്നതാണ് കക്ഷി നില. ഭരണത്തില്‍ നിര്‍ണായക ശക്തിയാവുക വിജയിച്ചു കയറിയ ഒരു സ്വതന്ത്രനാകും. ആറില്‍ നാലിലും സ്വതന്ത്രരുടെ പിന്തുണ ഉറപ്പിക്കാനാവും മുന്നണികളുടെ ചരടുവലികള്‍.