കോട്ടയം: കോട്ടയം നഗരസഭയിലെ ജീവനക്കാരനായിരുന്ന അഖിൽ സി.വര്‍ഗീസ് നടത്തിയ പെൻഷൻ തട്ടിപ്പ് കേസിൽ പോലീസ് അന്വേഷണത്തിൽ മെല്ലെപ്പോക്ക്. അന്വേഷണമേറ്റെടുത്ത് 5 ദിവസം കഴിഞ്ഞിട്ടും ഒളിവിലുളള അഖിലിനെക്കുറിച്ച് ഒരുവിവരവും കിട്ടാത്തത് രാഷ്ട്രീയ സ്വാധീനം മൂലമെന്നാണ് ആരോപണം. ഗൗരവമുളള തട്ടിപ്പായതിനാൽ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുമെന്നാണ് സൂചന. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു കോട്ടയം നഗരസഭയിലെ മുൻ ജീവനക്കാരൻ അഖിൽ സി വര്‍ഗീസ് നടത്തിയ പെൻഷൻ തട്ടിപ്പ് നഗരസഭ കണ്ടെത്തുന്നത്. തട്ടിപ്പ് വിവരം പുറത്തറിഞ്ഞതുമുതൽ ഒളിവിൽ കഴിയുന്ന അഖിലിനെ കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല.
ഇയാൾ ജോലി നോക്കുന്ന കോട്ടയം ജില്ലയിലും സ്വദേശമായ കൊല്ലത്തും അന്വേഷണം തുടരുന്നെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. ഇയാളുടെ ബന്ധുക്കളെ പോലീസ് കഴിഞ്ഞ ദിവസങ്ങളിൽ ചോദ്യം ചെയ്തിരുന്നു. രഷ്ട്രീയ – ഉദ്യോഗസ്ഥ സ്വാധീനം കാരണമാണ് അഖിലിനെ പിടികൂടാൻ കഴിയാത്തതെന്ന ആരോപണം ശക്തമാണ്. 3 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേടായതിനാൽ ലോക്കൽ പോലീസിൽ നിന്നും കേസ് ഉടൻ ക്രൈംബ്രാഞ്ചിന് കൈമാറും. അഖിൽ നടത്തിയ സാമ്പത്തിക തിരിമറിയുടെ പേരിൽ നഗരസഭ നടത്തിയ ആഭ്യന്തര അന്വേഷണത്തിൽ മൂന്ന് പേരെ സസ്പെൻ്റ് ചെയ്തിരുന്നു. പെൻഷൻ വിഭാഗം സൂപ്രണ്ടായ ശ്യാമും അക്കൗണ്ട് വിഭാഗത്തിലെ ജീവനക്കാരനായ സന്തോഷ് കുമാറും ഫയലുകളും ബില്ലുകളും കൃത്യമായി പരിശോധിക്കാതെയാണ് പാസ്സാക്കിയതെന്ന് കണ്ടെത്തി.