ഡൽഹി : രാജ്യത്തെ കൊവിഡ്-19 വൈറസിനെതിരായ പ്രതിരോധ നടപടികളുടെ ഭാഗമായി സുപ്രീം കോടതി അടച്ചു. അടിയന്തര കേസുകൾ മാത്രമാകും ഇനി പരിഗണിക്കുകയെന്നു കോടതി വൃത്തങ്ങൾ അറിയിച്ചു. സുപ്രീംകോടതിയിലെ ലോയേഴ്സ് ചേംബർ ഇന്ന് വൈകിട്ട് സീൽ ചെയ്യും. ജഡ്ജിമാർ വീട്ടിലിരുന്ന് വീഡിയോ കോൺഫറൻസിംഗ് വഴി ഇത്തരം കേസുകൾ പരിഗണിക്കും. അഭിഭാഷകർ കോടതിയിലേക്ക് വരുന്നതിനു വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ആഴ്ചയിൽ ഒരിക്കൽ മാത്രമേ ഇനി കോടതി കെട്ടിടം തുറക്കുകയുള്ളു.
അതേസമയം കേരള ഹൈക്കോടതിയും അടച്ചു. ഏപ്രിൽ എട്ട് വരെയാണ് ഹൈക്കോടതി അടച്ചത്. അടിയന്തര പ്രാധാന്യമുള്ള കേസുകൾ മാത്രമാകും പരിഗണിക്കുക. രാവിലെ ജഡ്ജിമാരെല്ലാം ചേർന്നുള്ള ഫുൾകോർട്ട് യോഗത്തിലാണ് തീരുമാനമെടുത്തത്. ആഴ്ചയിൽ രണ്ട് ദിവസം സിറ്റിംഗ് ഉണ്ടാകും. ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് അടിയന്തര പ്രാധാന്യമുള്ള കേസുകൾ പരിഗണിക്കുക. ഇനിയുള്ള ദിവസങ്ങളിൽ വ്യക്തിസ്വാതന്ത്ര്യത്തെ ബാധിക്കുന്ന തരത്തിലുള്ള കേസുകൾ, ഹേബിയസ് കോർപ്പസ് ഹർജികള്‍, ജാമ്യ അപേക്ഷകൾ എന്നിവ മാത്രം പരിഗണിക്കുന്നതി നായി പ്രത്യേക കോടതിയെയോ ബെഞ്ചിനെയോ നിയോഗിച്ചേക്കും.