കാസര്‍ഗോഡ് : പത്തു പേര്‍ക്ക് വ്യാഴാഴ്ച കൊവിഡ് സ്ഥിരീകരിച്ച കാസര്‍ഗോഡ് ജില്ലയില്‍ പൊതുപ്രവര്‍ത്തക ദമ്പതികളുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കുന്നത് ശ്രമകരം എന്നാണ് ആരോഗ്യ വകുപ്പ് വിലയിരുത്തുന്നത്. ഭാര്യ ജനപ്രതിനിധിയാണ്. പൈവളികെ പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ ഇവര്‍ പങ്കെടുത്തിട്ടുണ്ട്. പഞ്ചായത്തിലും സമൂഹ അടുക്കളയിലും ഇവര്‍ സജീവ സാന്നിദ്ധ്യമായിരുന്നു എന്നാണ് കണ്ടെത്തിയത്.
പൊതുപ്രവര്‍ത്തകന്‍ മൂന്നു തവണയെങ്കിലും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിയിട്ടുണ്ടെന്നും ആരോഗ്യവകുപ്പിന് വിവരം ലഭിച്ചു. പൊതുപ്രവര്‍ത്തക ദമ്പതികളുടെ സാന്നിധ്യം ഉണ്ടായിട്ടുള്ള സ്ഥലങ്ങളിലെല്ലാം ഇവരുമായി നേരിട്ട് സമ്പർക്കം പുലര്‍ത്തിയ വരെ കണ്ടെത്തുക അസാധ്യം എന്നാണ് പറയുന്നത്. അതുകൊണ്ടു തന്നെ സമ്പര്‍ക്ക പട്ടിക ഉണ്ടാക്കുന്നത് ആരോഗ്യവകുപ്പിന് തലവേദനയായിട്ടുണ്ട്. ദമ്പതികളുടെ രണ്ടു കുട്ടികള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.