കോയമ്പത്തൂര്‍ : തമിഴ്നാട്ടിലെ കോയമ്പത്തൂരില്‍ കൊറോണ വൈറസ് ബാധിച്ച മലയാളി ഡോക്ടറുടെ കുഞ്ഞിനും രോഗബാധ സ്ഥിരീകരിച്ചു. ഡോക്ടറുടെ അമ്മയ്ക്കും വീട്ടുജോലിക്കാരിക്കും കൊവിഡ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. 29കാരിയായ ഡോക്ടര്‍ കോട്ടയം സ്വദേശിനിയാണ്. ഇവരെ കോയമ്പത്തൂര്‍ ഇ എസ് ഐ ആശുപത്രിയില്‍നിന്ന് ഈറോട് പെരുംതുറൈ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
റെയില്‍വേയുടെ ആശുപത്രിയിലാണ് ഡോക്ടര്‍ ജോലി ചെയ്യുന്നത്. മാര്‍ച്ച് 23 മുതല്‍ 26 വരെ റെയില്‍വേ ആശുപത്രി സന്ദര്‍ശിച്ചവര്‍ നിരീക്ഷണത്തിലാണെന്ന് തമിഴ്നാട് ആരോഗ്യവകുപ്പ് അറിയിച്ചു. ആശുപത്രിയിലെ മറ്റ് ഡോക്ടര്‍മാരെയും ജീവനക്കാരെയും നിരീക്ഷണത്തിലാക്കി. കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തമിഴ്നാട്ടിലെ സേലം, ഈറോഡ് ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പലചരക്ക് കടകള്‍ ഉള്‍പ്പടെ അടച്ചിടാനാണ് സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശം.