ഇലവുംതിട്ട : തുണ്ടുകാട് പ്രദേശത്ത് കൊവിഡ് മരണവും 13-ാം വാര്‍ഡില്‍ ഒരു പോസിറ്റീവ് കേസും റിപ്പോര്‍ട്ട് ചെയ്‌തതോടെ മെഴുവേലിയില്‍ കനത്ത ജാഗ്രത.
അഞ്ച്, ആറ്, പതിമൂന്ന് വാര്‍ഡുകളിലാണ് ഗ്രാമപഞ്ചായത്തിന്റെ ജാഗ്രതാ നിര്‍ദ്ദേശമുളളത്.
തുണ്ടുകാട്,ആലക്കോട്, പുല്ലേലി,മെഴുവേലി.കാരിത്തോട്ട തുടങ്ങിയ സ്‌ഥലങ്ങളില്‍ നിന്ന് രാഷ്‌ട്രീയ-സാമുദായിക പ്രവര്‍ത്തര്‍ ഉള്‍പ്പെടെ പലരും ക്വാറന്റെയിനില്‍ പ്രവേശിച്ചു. തുണ്ടുകാട് തെങ്ങിനാല്‍ മണ്ണില്‍ മോഹന്‍ദാസ് മരണപ്പെട്ടതിനെ തുടര്‍ന്ന് പ്രൈമറി, സെക്കന്ററി സമ്പര്‍ക്കങ്ങള്‍ കണക്കിലെടുത്താണ് ധാരാളം പേര്‍ ക്വാറന്റെയിനിലായത്.
ഞായറാഴ്‌ച തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ച മോഹന്‍ദാസിന്റെ സംസ്‌ക്കാരം രാത്രി കോവിഡ് പ്രോട്ടക്കോള്‍ പ്രകാരം പോലീസ് സുരക്ഷയിലാണ് നടന്നത്. പഞ്ചായത്ത് സെക്രട്ടറിയും മെഡിക്കല്‍ ഓഫീസറും സ്‌ഥിതിഗതികള്‍ വിലയിരുത്തി ഉച്ചയോടെ കലക്‌ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇതോടെ ആറന്‍മുള, മല്ലപ്പുഴശ്ശേരി തുടങ്ങിയ സമീപ പഞ്ചായത്തുകളിലെ കുഴിക്കാല, കിടങ്ങന്നൂര്‍, കാരിത്തോട്ട, എലിമുക്ക് തുടങ്ങിയ ഇടങ്ങളില്‍ നിന്ന് പഞ്ചായത്തിലേക്കുളള പോക്ക്‌വരവിന് നിയന്ത്രണമുണ്ടാകും.
കിടങ്ങന്നൂര്‍ വിദേശ മദ്യഷോപ്പിലേക്ക് ദൂരങ്ങളില്‍ നിന്നു വരുന്നവരെ ഉള്‍പ്പെടെ പോലീസ് കര്‍ശന പരിശോധന നടത്തിവരുന്നു. ജാഗ്രത നിലവിലുളള വാര്‍ഡുകളിലെ ഇടവഴികളില്‍ വരെ ഇന്ന് സുരക്ഷ കര്‍ശനമാക്കും. കിടങ്ങന്നൂരിലെ ബിവറേജ് ഔട്ട്‌ലെറ്റ് വഴികളില്‍ പരിശോധനകള്‍ ഉളളതിനാല്‍ പാണിയിലുളള മദ്യഷോപ്പില്‍ തിരക്ക് കൂടിയിരിക്കുകയാണ്. ദൂരങ്ങളില്‍ നിന്ന് വരെ ധാരാളം പേര്‍ ചന്തയില്‍ വരുന്ന സാഹചര്യം കണക്കിലെടുത്ത് ഇലവുംതിട്ട പബ്ലിക് മാര്‍ക്കറ്റ് അടച്ചിരുന്നു. അടച്ചിടീല്‍ നീട്ടാനാണ് സാധ്യത.