കൊട്ടാരക്കര : കൊട്ടാരക്കരയിൽ ഞായറാഴ്ച വീണ്ടും ഉറവിടമില്ലാത്ത കൊവിഡ് സ്ഥിരീകരിച്ചതോടെ കൊല്ലം ജില്ലയില്‍ കനത്ത സുരക്ഷ. അവശ്യമില്ലാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരെ കേസെടുക്കുമെന്ന് കൊല്ലം റൂറല്‍ എസ്.പി ഹരിശങ്കര്‍ പറഞ്ഞു. കരുനാഗപ്പള്ളി സ്വദേശിനിയായ യുവതിയുടെ രോഗബാധയുടെ ഉറവിടമാണ് കണ്ടെത്താനുള്ളത്.
ഓരോ ദിവസവും കൊല്ലത്ത് ആശങ്ക വര്‍ദ്ധിക്കുകയാണ്. കൊട്ടാരക്കരയില്‍ കഴിഞ്ഞ ദിവസം ഉറവിടമില്ലാതെ രണ്ടുപേര്‍ക്ക് രോഗം ബാധിച്ചിരുന്നു. അതിനു പിന്നാലെയാണ് കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ യുവതിക്ക് രോഗബാധയുണ്ടായത്. ഇവര്‍ക്ക് യാത്ര ചരിത്രമില്ലാത്തതു കൊണ്ടുതന്നെ ഉറവിടം വ്യക്തമല്ല. കൊട്ടാരക്കരയിലും കരുനാഗപ്പള്ളിയിലും സുരക്ഷ ശക്തമാക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കേസെടുക്കുമെന്ന് കൊല്ലം റൂറല്‍ പോലീസ് മേധാവി ഹരിശങ്കര്‍ പറഞ്ഞു. കണ്ടെയിന്‍മെന്റ് സോണില്‍ ആരേയും പുറത്തേക്കോ അകത്തേക്കോ പ്രവേശിപ്പിക്കില്ല. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ ഏഴ് മുതല്‍ വൈകിട്ട് അഞ്ചുവരെ മാത്രമേ പ്രവര്‍ത്തിക്കൂ.
ഹൈദരാബാദിൽ നിന്നെത്തിയ ഒന്നര വയസുള്ള കുട്ടിയ്ക്കും ശനിയാഴ്ച രോഗം ബാധിച്ചു. ഈ കുട്ടിയുടെ അച്ഛന് നേരത്തെ രോഗം പിടിപ്പെട്ടിരുന്നു. കരുനാഗപ്പള്ളി സ്വദേശിനിയായ 27കാരിക്കും രണ്ടര വയസുകാരന്‍ മകനും രോഗം ബാധിച്ചിട്ടുണ്ട്. അതേസമയം, 31 പേര്‍ ഇന്നലെ രോഗമുക്തരായത് ആശങ്കകള്‍ക്കിടയിലും ആശ്വാസമായി