പത്തനംതിട്ട : സംസ്ഥാനം ഇപ്പോൾ കോവിഡ് സാമുഹിക വ്യാപനത്തിന്റെ ഭീഷണിയിലാണ് . കൂടുതൽ ജാഗ്രത പുലർത്തേണ്ട സ്ഥിതി വിശേഷമാണ് ഇപ്പോഴുള്ളതെന്ന് സർക്കാരും ആരോഗ്യ വകുപ്പ് അധികൃതരും വ്യക്തമാക്കിയിരിക്കുകയാണ്. അതിനാൽ തന്നെ കോവിഡ് പ്രതിരോധത്തിനായുള്ള ഉൽപ്പന്നങ്ങളുടെ രൂപഭാവങ്ങളും മാറിയിരിക്കുകയാണ്.
മുഖാവരണ ബക്കിൾ, മുഖാവരണ ഷീൽഡ്, സാനിറ്റൈസർ ഡിസ്പെൻസിങ് മെഷീൻ എന്നിവ വിപണിയിൽ സജീവമാണ്. വള്ളികൾ ഉപയോഗിച്ച് ചെവിയിൽ തൂക്കിയിടുന്നതും തലയ്ക്ക് പിന്നിലായി കെട്ടുന്നവയ്ക്കും പകരം മുഖാവരണ ബക്കിൾ ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളിലും ഓൺലൈൻ വ്യാപാര കേന്ദ്രങ്ങളിലും എത്തിത്തുടങ്ങി. മുഖാവരണ ബക്കിൾ തലയ്ക്ക് പിന്നിൽ വച്ചതിനു ശേഷം മുഖാവരണത്തിന്റെ ഇലാസ്റ്റിക് ബക്കിളിൽ കോർത്തിട്ട് ഉപയോഗിക്കുന്നതിനാൽ ചെവികൾക്ക് ഉണ്ടാകുന്ന അസ്വസ്ഥതകൾക്ക് ശമനമുണ്ടാകുമെന്ന് ഇത് ധരിക്കുന്നവർ പറയുന്നത്.
മുഖാവരണ ഷീൽഡിന്റെ പ്രധാന ഭാഗം പ്ലാസ്റ്റിക് മറയാണ്. ഷീൽഡിൽ ഇലാസ്റ്റിക് ബാൻഡ് ഉള്ളതിനാൽ തലയിൽ ഉറപ്പിച്ചു വയ്ക്കാൻ കഴിയും. ആളുകളുമായി നേരിട്ട് സമ്പർക്കം ഉണ്ടാകാതിരിക്കാനായിട്ടാണ് ഷീൽഡ് ധരിക്കുന്നത്. ഓഫിസുകളുലുൾപ്പെടെ ഷീൽഡ് ധരിച്ചാണ് ആളുകൾ ജോലി ചെയ്യുന്നത്. കൂടാതെ ഓട്ടമാറ്റിക് സാനിറ്റൈസർ സ്റ്റാൻഡും കടകളിലെത്തിയിട്ടുണ്ട് . സാനിറ്റൈസർ ഡിസ്പെൻസിങ് മെഷീനിൽ ഫിറ്റ് ചെയ്ത് വച്ചതിനു ശേഷം കാൽപാദം ഉപയോഗിച്ച് ചവിട്ടുമ്പോൾ സാനിറ്റൈസർ കൈയ്യിലേക്ക് ലഭ്യമാകും. ആയിരം രൂപ മുതൽ വിലയുള്ള സ്റ്റാൻഡുകൾ ജില്ലയിലെ വിപണികളിൽ ഇപ്പോൾ ലഭ്യമാണ്